ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും ലിവര്‍പൂളിനും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ചെല്‍സിക്കും ലിവര്‍പൂളിനും ജയം

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ജയം. ചെല്‍സി ടോട്ടന്‍ഹാം ഹോട്‌സ്പറിനെയും ലിവര്‍പൂള്‍ സണ്ടര്‍ലാന്‍ഡിനെയും പരാജയപ്പെടുത്തിയപ്പോള്‍ ബേണ്‍ലി എഫ്‌സിക്കെതിരെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി വിജയം നേടിയത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി മിഡില്‍സ്ബറോയോട് സമനില വഴങ്ങി.

സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ഹോട്‌സ്പറിനെ ചെല്‍സി തോല്‍പ്പിച്ചത്. മത്സരത്തിന്റെ പതിനൊന്നാം മിനുറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ടോട്ടന്‍ഹാമായിരുന്നു. എന്നാല്‍ പിന്നീട് പെഡ്രോ, വിക്ടര്‍ മോസസ് എന്നിവരുടെ ഗോളുകളില്‍ ചെല്‍സി ടോട്ടന്‍ഹാമിനെ മറികടക്കുകയായിരുന്നു.

പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ആദ്യ തോല്‍വിയായിരുന്നു ചെല്‍സിക്കെതിരായത്. പതിമൂന്ന് മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ആദ്യ 12 കളികളിലും ജയവും സമനിലയുമായി അപരാജിത മുന്നേറ്റമായിരുന്നു നടത്തിയത്.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ സണ്ടര്‍ലാന്‍ഡിനെതിരായ ജയം. മത്സരത്തിന്റെ 75-ാം മിനുറ്റില്‍ ഡിവോക് ഒറിഗി ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ അവസാന സമയത്ത് സാദിയോ മനെയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് ജയിംസ് മില്‍നര്‍ ലിവര്‍പൂളിന് വേണ്ടി രണ്ടാം ഗോളും നേടി.

എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ മറികടന്നത്. കളിയുടെ പതിനാലാം മിനുറ്റില്‍ ഡീന്‍ മര്‍നെയിലൂടെ ബേണ്‍ലിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ അര്‍ജന്റൈന്‍ താരമായ സെര്‍ജിയോ അഗ്യൂറോ നേടിയ ഇരട്ട ഗോളുകളിലൂടെ പെപ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി വിജയം കണ്ടെത്തുകയായിരുന്നു.

മിഡില്‍സ്ബറോയോട് രണ്ട് ഗോളുകളുടെ സമനിലയാണ് ലൈസസ്റ്റര്‍ സിറ്റി വഴങ്ങിയത്. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ സ്വാന്‍സി സിറ്റി ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയപ്പോള്‍ ഹള്‍സിറ്റി-വെസ്റ്റ് ബ്രോം പോരാട്ടം 1-1 സമനിലയിലായി. സ്വാന്‍സി സിറ്റി നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തിയത്.

പ്രീമിയര്‍ ലീഗില്‍ പതിമൂന്ന് മത്സരങ്ങളില്‍ നിന്നും 31 പോയിന്റുമായി ചെല്‍സിയാണ് ഒന്നാമത്. ഇത്രയും കളികളില്‍ നിന്നും 30 പോയിന്റ് വീതമുള്ള ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. പതിമൂന്ന് മത്സരങ്ങളില്‍ നിന്നും ഒന്‍പത് പോയിന്റുള്ള സ്വാന്‍സി സിറ്റി റെലഗേഷന്‍ സോണിലാണ്.

Comments

comments

Categories: Sports