കറന്‍സി ബാന്‍: വാഹന വിപണി നിര്‍മാണം കുറച്ചു

കറന്‍സി ബാന്‍: വാഹന വിപണി നിര്‍മാണം കുറച്ചു

 

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ തിരിച്ചടി നേരിടുന്ന വാഹന വിപണിയില്‍ കമ്പനികള്‍ നിര്‍മാണം കുറച്ചു. 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ ഉപഭോക്തൃ ഡിമാന്‍ഡില്‍ കുറവ് രേഖപ്പെടുത്തുകയും വാഹന ഷോറൂമുകളില്‍ വില്‍പ്പന കുറയുകയും ചെയ്തതാണ് കമ്പനികള്‍ നിര്‍മാണം വെട്ടിച്ചുരുക്കുന്നതിന്റെ കാരണം.
പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുയാണെന്നാണ് ചില കമ്പനികള്‍ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനോട് പ്രതികരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വാഹനങ്ങളുടെ നിര്‍മാണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. വാഹനങ്ങളുടെ പട്ടിക നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിതെന്നും കമ്പനി അറിയിച്ചു. വില്‍പ്പന കുറഞ്ഞതോടെ ഷോറൂമുകളിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കില്ലെന്നും നോ പ്രഡക്ഷന്‍ ഡെയ്‌സ് നടത്തുമെന്നും കമ്പനി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് മേധാവി വൈ എസ് ഗുലാറിയ വ്യക്തമാക്കി.
ജപ്പാന്‍ കമ്പനി ഹോണ്ട കാര്‍സ് ഇന്ത്യയും ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താനുള്ള തയാറെടുപ്പിലാണ്. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതോടെ ഈ മാസം 40 ശതമാനത്തോളം വില്‍പ്പനയിടിവാണ് കമ്പനിക്ക് നേരിട്ടത്.
അതേസമയം, മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോഴ്‌സ് എന്നീ കമ്പനികല്‍ വില്‍പ്പന തിരിച്ചടിയുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. അതേസമയ, ഈ കമ്പനികളുടെ റീട്ടെയ്‌ലര്‍മാര്‍ വന്‍ തിരിച്ചടി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കുറഞ്ഞ കാലത്തേക്കുള്ള തിരിച്ചടിയാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം കൊണ്ട് നേരിടുകയെന്ന് ഹ്യൂണ്ടായ് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടിയിരുന്നു.
നോട്ട് അസാധുവാക്കിയ ആദ്യ ദിവസങ്ങളില്‍ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞിരുന്നെങ്കിലും ഇതില്‍ മാറ്റം വരുന്നുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വില്‍പ്പനക്കാരായ ഹീറോ മോട്ടോര്‍കോര്‍പ്പ് മേധാവി പവന്‍ മുഞ്ജല്‍ അഭിപ്രായപ്പെട്ടു.
വര്‍ഷാവസാനമായത് കൂടുതല്‍ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഈ മേഖലയിലെ വിലയിരുത്തലുകള്‍. വാഹന ഘടക നിര്‍മാതാക്കള്‍ ഇതിനോടകം തന്നെ പ്രൊഡക്ഷന്‍ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നാണയ പരിഷ്‌കരണം ഫലവത്താകണമെങ്കില്‍ പരമാവധി മൂന്ന് മാസമെങ്കിലുമെടുക്കുമെന്നാണ് കമ്പനികള്‍ കണക്കുകൂട്ടുന്നത്.

Comments

comments

Categories: Business & Economy