അസാധുവാക്കിയത് 14.18 ലക്ഷം കോടി; തിരിച്ചെത്തിച്ചത് 1.5 ലക്ഷം കോടി

അസാധുവാക്കിയത് 14.18 ലക്ഷം കോടി; തിരിച്ചെത്തിച്ചത് 1.5 ലക്ഷം കോടി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ ആവശ്യത്തിന് പണമില്ലാതെ ജനങ്ങള്‍ വലയുന്നു. മൂന്നാഴ്ചകൊണ്ട് ഏകദേശം 14.18 ലക്ഷം കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ തിരികെ ക്രയവിക്രയങ്ങള്‍ക്കായി ഇതിന്റെ പത്ത് ശതമാനം മാത്രമാണ് എത്തിച്ചിരിക്കുന്നത്. ഏകദേശം 1.5 ലക്ഷം കോടി രൂപയാണ് ഇതുവരെ കേന്ദ്ര സര്‍ക്കാരിന് എത്തിക്കാന്‍ സാധിച്ചിരിക്കുന്നതെന്ന് ക്രെഡിറ്റ് സ്യൂസെ റിപ്പോര്‍ട്ട്.

പിന്‍വലിച്ച മുഴുവന്‍ കറന്‍സിയും തിരിച്ച് സമ്പദ് വ്യവസ്ഥയില്‍ എത്തിണമെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആര്‍ബിഐ) മാസങ്ങള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 2,000 രൂപയുടെ നോട്ടാണ് പിന്‍വലിച്ച തുകയ്ക്ക് പകരമായി കൂടുതലായും പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍, 500, 1,000 രൂപയുടെ മൂല്യത്തിലുള്ള നോട്ടുകള്‍ ഇല്ലാത്തതിനാല്‍ പുതിയ നോട്ട് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് കനത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇതുവരെ ഏകദേശം 150 കോടി രൂപയുടെ കറന്‍സിയാണ് ആര്‍ബിഐ അച്ചടിച്ചിരിക്കുന്നത്. ഇതില്‍ കൂടുതലും ഉയര്‍ന്ന മൂല്യമുള്ള 2,000 രൂപയുടെ നോട്ടാണ്. അതേസമയം, ചില്ലറ പ്രതിസന്ധി കുറയ്ക്കുന്നതിന് 1000 മുതല്‍ 2000 കോടി വരെ 500ന്റെ പുതിയ നോട്ട് അച്ചടിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്.

ആര്‍ബിഐ നോട്ടടിക്കാനുള്ള ശേഷി 150 ശതമാനമാക്കിയാല്‍ മാത്രമാണ് സ്ഥിതിഗതികള്‍ സാധാരണ രീതിയിലേക്കെത്തിക്കാന്‍ സാധിക്കുകയൊള്ളൂവെന്ന് ഐസിഐസിഐ സെക്യുരിറ്റീസ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. നിലവിലുള്ള ശേഷിയുടെ 100 ശതമാനവും ഉപയോഗപ്പെടുത്തുന്ന ആര്‍ബിഐക്ക് നോട്ട് പ്രശ്‌നം പരിഹരിക്കാന്‍ ഏകദേശം നാല് മാസത്തോളമെടുക്കുമെന്നും പഠനത്തിലുണ്ട്. എടിഎം വഴിയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം വരുത്തിയ സര്‍ക്കാര്‍ നടപടികള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഐസിഐസിഐ വ്യക്തമാക്കുന്നു.

പണലഭ്യത കുറയുന്നത് ഹ്രസ്വകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നാല് ശതമാനത്തോളം ഇടിവുണ്ടാക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: Slider, Top Stories