നോട്ട് അസാധുവാക്കല്‍: പ്രോപ്പര്‍ട്ടി വില 30 ശതമാനം വരെ വില കുറയുമെന്ന് റിപ്പോര്‍ട്ട്

നോട്ട് അസാധുവാക്കല്‍:  പ്രോപ്പര്‍ട്ടി വില 30 ശതമാനം വരെ വില കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ 42 പ്രമുഖ നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി വിലയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആറ് മുതല്‍ 12 മാസങ്ങള്‍ക്കുള്ളില്‍ പ്രോപ്പര്‍ട്ടികളുടെ വില 30 ശതമാനത്തോളം കുറയുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇതിലൂടെ ഏകദേശം എട്ട് ലക്ഷം കോടി രൂപയുടെ വിപണി മൂല്യം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ കുറയുമെന്നും പ്രോപ് ഇക്വിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ 42 നഗരങ്ങളിലെ 22,202 ഡെവലപ്പര്‍മാരുടെ 83,650 ഓളം പദ്ധതികളില്‍ വിശകലനം നടത്തിയാണ് പ്രോപ് ഇക്വിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത് മുതല്‍ ഈ നഗരങ്ങളിലെ വില്‍പ്പന നടന്നതും നടക്കാത്തതുമായ പ്രോപ്പര്‍ട്ടികളുടെ മൂല്യം 39,55,044 കോടി രൂപയില്‍ നിന്ന് 31,52,170 കോടി രൂപയായി കുറയും. 8,02,874 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 49,42,637 യൂണിറ്റാണ് 2008 മുതല്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയായതും നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതുമായുള്ളത്.
ഇതില്‍ ഏറ്റവും തിരിച്ചടിയാവുക രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലാണ്. പുതിയ വില നിര്‍ണയത്തിലൂടെ 2,00,330 കോടി രൂപയാണ് മുംബൈയില്‍ ഇടിവ് രേഖപ്പെടുത്തുക. തൊട്ടുപിറകിലുള്ള ബെംഗളൂരുവില്‍ 99,983 കോടി രൂപയും ഗുഡ്ഗാവില്‍ 79,059 കോടി രൂപയും ഇടിയും.
രൂപ അസാധുവാക്കിയ നടപടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുമെന്നും അനധികൃത റിയല്‍റ്റി കമ്പനികള്‍ക്കും കള്ളപ്പണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും പ്രോപ് ഇക്വിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
റിയല്‍റ്റി വിപണിയിലെ റീസെയില്‍ (സെക്കന്‍ഡറി) വിപണി ഇടപാടുകള്‍ക്കാണ് നോട്ട് അസാധുവാക്കല്‍ തീരുമനം തിരിച്ചടി നല്‍കുക. അഞ്ച് ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമാണ് മുഴുവന്‍ തുകയ്ക്കും ചെക്ക് നല്‍കുന്നത്. സാധാരണ 20 മുതല്‍ 30 ശതമാനം വരെയുള്ള തുക പണമായി സ്വീകരിക്കുന്ന ആളുകള്‍ക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം തിരിച്ചടി നല്‍കുന്നു. -പ്രോപ് ഇക്വിറ്റി സിഇഒ സാമിര്‍ ജാസുയ വ്യക്തമാക്കി.

Comments

comments

Categories: Trending