നോട്ട് പിന്‍വലിക്കാന്‍ സംവിധാനമൊരുക്കി കൂടുതല്‍ റീട്ടെയലര്‍മാര്‍

നോട്ട് പിന്‍വലിക്കാന്‍ സംവിധാനമൊരുക്കി കൂടുതല്‍ റീട്ടെയലര്‍മാര്‍

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പണപ്രതിസന്ധി ഉപഭോക്താക്കളെ ചെലവു ചുരുക്കലിന് പ്രേരിപ്പിക്കുമ്പോള്‍ സാമ്പത്തിക മാന്ദ്യം തടയുന്നതിന് ഇന്നൊവേറ്റീവ് സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണ് റീട്ടെയ്‌ലര്‍മാര്‍. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിനു ശേഷം ഫ്യൂച്ചര്‍ ഗ്രൂപ്പ് അവരുടെ സ്റ്റോറുകളില്‍ നിന്നും സൈ്വപ്പിംഗ് മെഷീന്‍ വഴി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ ബിഗ് ബസാറും ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്ത് പണം പിന്‍വലിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കാനാരംഭിച്ചു. മറ്റ് റീട്ടെയ്‌ലര്‍മാരും രാജ്യത്തെ പണപ്രതിസന്ധി തടയുന്നതിന് തങ്ങളുടെ സ്റ്റോറുകളില്‍ സംവിധാനമൊരുക്കുന്നതായാണ് വിവരം.

മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഇനോക്‌സ് ലെഷര്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ സ്റ്റാര്‍ ബസാറും, ഷോപ്പേഴ്‌സ് സ്റ്റോപ്പും ഉടന്‍ തന്നെ ഈ സൗകര്യമൊരുക്കുമെന്നാണ് വിവരം. 446-സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ് ശൃംഖല ജനങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിന് സംവിധാനമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇനോക്‌സ് ലെഷര്‍ ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് ജെയ്ന്‍ പറഞ്ഞു. എല്ലാ ദിവസവും ഏകദേശം ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷം പേരാണ് മള്‍ട്ടിപ്ലക്‌സുകളില്‍ എത്തുന്നതെന്നും കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ 17 ഇനോക്‌സ് സ്ഥാപനങ്ങളില്‍ പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനമൊരുക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ഈ വാരാന്ത്യത്തോടെ ബാക്കി വരുന്ന 89 ഇനോക്‌സ് മള്‍ട്ടിപ്ലക്‌സുകളിലും സൈ്വപ്പിംഗ് മെഷീന്‍ സംവിധാനമൊരുക്കുമെന്നും ജെയ്ന്‍ വിശദീകരിച്ചു. ഇന്ത്യയിലെ 57 നഗരങ്ങളിലായി 113 മള്‍ട്ടിപ്ലെക്‌സുകളാണ് ഇനോക്‌സ് ലെഷറിനുള്ളത്. ബിഗ് ബസാറിനും ഇനോക്‌സിനും പുറമെ ഏകദേശം 300ഓളം സ്‌റ്റോറുകളില്‍ പണം പിന്‍വലിക്കാനുള്ള സംവിധാനമുണ്ട്. ഓരോ സ്‌റ്റോറിലും മൂന്ന് മുതല്‍ അഞ്ച് വരം സൈ്വപിംഗ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്.

പണം പിന്‍വലിക്കാനുള്ള സംവിധാനമൊരുക്കിയത് വിജയം കണ്ടതായാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് വക്താവ് പ്രതികരിച്ചത്. തങ്ങളുടെ സ്റ്റോറില്‍ പ്രതിദിനം 50,000 ഇടപാടുകള്‍ക്കു മുകളില്‍ നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം രണ്ട് ലക്ഷം ഉപഭോക്താക്കള്‍ക്ക് പണം നല്‍കാന്‍ മതിയായ ശേഷി ഫ്യൂച്ചര്‍ഗ്രൂപ്പിനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ആര്‍ബിഐ നിര്‍ദേശ പ്രകാരം എടിഎമ്മില്‍ ക്യൂ നില്‍ക്കുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് ബിഗ് ബസാര്‍, ഇനോക്‌സ് മള്‍ട്ടിപ്ലക്‌സ് തുടങ്ങിയിടങ്ങള്‍ സന്ദര്‍ശിച്ച് സൈ്വപ്പിംഗ് മെഷീന്‍ സംവിധാനം വഴി പണം പിന്‍വലിക്കാനാകും. റീട്ടെയ്ല്‍ സ്റ്റോറുകളിലും പിന്‍വലിക്കാനാകുന്ന പണത്തിന്റെ പരിധി 2,000 രൂപയാണ്.

റീട്ടെയ്‌ലര്‍മാരെ സംബന്ധിച്ചിടത്തോളം പണപ്രതിസന്ധി കാരണമുണ്ടായ വില്‍പ്പന മാന്ദ്യം നേരിടുന്നത് പരിഹരിക്കാന്‍ ഈ നീക്കം സഹായകമാകുമെന്നാണ് റീട്ടെയ്ല്‍ കണ്‍സള്‍ട്ടന്‍സി ടെക്‌നോപാര്‍ക്ക് സ്ഥാപകനും ചെയര്‍മാനുമായ അര്‍വിന്ദ് സിംഗാള്‍ പ്രതികരിച്ചത്. ഷോപ്പിംഗ് നടത്താനുള്ള മാനസികാവസ്ഥയിലല്ല ജനങ്ങള്‍ ഇപ്പോഴുള്ളതെങ്കിലും പണം പിന്‍വലിക്കുന്നതിന് അവര്‍ റീട്ടെയ്ല്‍ സ്റ്റോറുകളിലേക്ക് പോകും. എന്നാല്‍ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതില്‍ ഇത് വലിയ പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy