ബുന്ദസ് ലിഗ: ബയണ്‍ ജയിച്ചു, ഡോര്‍ട്ട്മുണ്ടിന് തോല്‍വി

  ബുന്ദസ് ലിഗ:  ബയണ്‍ ജയിച്ചു, ഡോര്‍ട്ട്മുണ്ടിന് തോല്‍വി

മ്യൂണിക്: ജര്‍മന്‍ ബുന്ദസ് ലിഗയില്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കിനും ആര്‍ബി ലീപ്‌സിഗിനും വിജയം. ബയണ്‍ മ്യൂണിക്ക് ബയര്‍ ലെവര്‍ക്യൂസനെയും ആര്‍ബി ലീപ്‌സിഗ് ഫ്രീബര്‍ഗിനെയുമാണ് പരാജയപ്പെടുത്തിയത്. അതേസമയം, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫ്രാങ്ക്ഫര്‍ട്ടിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി.

ബയര്‍ ലെവര്‍ക്യൂസനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബയണ്‍ മ്യൂണിക്ക് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 30-ാം മിനുറ്റില്‍ സ്പാനിഷ് താരം തിയാഗോ അല്‍കന്റാര ബയണ്‍ മ്യൂണിക്കിനെ മുന്നിലെത്തിച്ചു. എന്നാല്‍ അഞ്ച് മിനുറ്റിന് ശേഷം ബയര്‍ ലെവര്‍ക്യൂസന്‍ ഹാക്കന്‍ കാല്‍ഹനോഗ്‌ലുനിലൂടെ ഗോള്‍ മടക്കി.

രണ്ടാം പകുതിയുടെ 55 മിനുറ്റിലായിരുന്നു ബയണ്‍ മ്യൂണിക്കിന്റെ വിജയ ഗോള്‍. ജര്‍മന്‍ താരം മാറ്റ് ഹമ്മല്‍സായിരുന്നു ഗോള്‍ സ്‌കോറര്‍. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ മുന്‍ താരമായിരുന്ന മാറ്റ് ഹമ്മല്‍സ് ബയണ്‍ മ്യൂണിക്കിലെത്തിയതിന് ശേഷം ക്ലബിന് വേണ്ടി നേടുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഫ്രാങ്ക്ഫര്‍ട്ടിനെതിരായ പരാജയം. ഫ്രാങ്ക്ഫര്‍ട്ടിന്റെ തട്ടകത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടി ഫ്രഞ്ച് താരമായ പിയറി എമെറിക്ക് ഗോള്‍ നേടിയെങ്കിലും ടീമിന് വിജയം കണ്ടെത്താനായില്ല. പരാജയത്തോടെ 21 പോയിന്റുമായി ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ലീഗില്‍ ആറാം സ്ഥാനത്തേക്ക് താഴ്ന്നു.

അതേസമയം, ബുന്ദസ് ലിഗയില്‍ അത്ഭുത പ്രകടനവുമായി മുന്നേറുന്ന ആര്‍ബി ലീപ്‌സിഗ് ഫ്രീബര്‍ഗിന്റെ തട്ടകത്തില്‍ അവര്‍ക്കെതിരെ 4-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നും 30 പോയിന്റുള്ള ആര്‍ബി ലീപ്‌സിഗാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 27 പോയിന്റുമായി ബയണ്‍ മ്യൂണിക്ക് രണ്ടാമതും.

ബുന്ദസ് ലിഗയിലെ ഹാംബര്‍ഗര്‍-വെര്‍ഡര്‍ ബ്രെമന്‍ (2-2), ഗ്ലാഡ്ബാച്-ഹോഫെന്‍ഹെയിം (1-1), ഇന്‍ഗോസ്റ്റാഡ്-വോള്‍സ്ബര്‍ഗ് (1-1), എഫ് സി കൊളോണ്‍-ഓഗ്‌സ്ബര്‍ഗ് (0-0) മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Comments

comments

Categories: Sports