പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് തീവ്രവാദി നേതാവിനെ രക്ഷപ്പെടുത്തി

പഞ്ചാബില്‍  ജയില്‍ ആക്രമിച്ച് തീവ്രവാദി നേതാവിനെ രക്ഷപ്പെടുത്തി

ചണ്ഡിഗഢ്: അതീവ സുരക്ഷയുള്ള പഞ്ചാബിലെ പാട്യാല ജില്ലയിലുള്ള നാഭ സെന്‍ട്രല്‍ ജയില്‍ ഞായറാഴ്ച രാവിലെ ഒരു കൂട്ടം തോക്കുധാരികള്‍ ആക്രമിച്ച് തടവ് ശിക്ഷയനുഭവിക്കുകയായിരുന്ന ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവനെയും മറ്റ് നാല് കുറ്റവാളികളെയും മോചിപ്പിച്ചു. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് (കെഎല്‍എഫ്) തലവനും ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിനെ ആക്രമിച്ചതുള്‍പ്പെടെ പത്തോളം തീവ്രവാദ കേസുകളിലെ പ്രതിയുമായ ഹര്‍മീന്ദര്‍ സിംഗ് മിന്റുവിനെയും കൂട്ടാളികളായ വിക്കി ഗോണ്‍ദാര്‍, ഗുര്‍പ്രീത് സേക്കണ്‍, നീത ഡിയോള്‍, വിക്രംജിത്ത് തുടങ്ങിയവരെയുമാണ് ജയില്‍ ആക്രമിച്ച് രക്ഷപ്പെടുത്തിയത്.
രണ്ട് കാറുകളിലെത്തിയ പത്തോളം തോക്കുധാരികള്‍ ആദ്യം സുരക്ഷാ ഗാര്‍ഡിനെ കത്തി ഉപയോഗിച്ചു കീഴ്‌പ്പെടുത്തി. തുടര്‍ന്നു ജയിലിനുള്ളിലേക്ക് പ്രവേശിച്ചു. പിന്നീട് സുരക്ഷാ ചുമതലയുണ്ടായിരുന്ന സേനാംഗങ്ങള്‍ക്കു നേരേ വെടിവെച്ചു. ഏകദേശം 100 റൗണ്ട് വെടിവെച്ചു. തുടര്‍ന്നാണ് തടവ് പുള്ളികളായ അഞ്ച് പേരെ രക്ഷപ്പെടുത്തിയത്. അക്രമികളെത്തിയത് പൊലീസ് വേഷത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്നു പഞ്ചാബില്‍ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളായ ഹരിയാനയിലും, ഹിമാചല്‍പ്രദേശിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ് പൊലീസ് ഡിജിപി, ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് തുടങ്ങിയവര്‍ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തി.
2014ല്‍ 49നുകാരനായ ഹര്‍മീന്ദര്‍ സിംഗിനെ പഞ്ചാബില്‍ തീവ്രവാദ വിരുദ്ധദ വേട്ടയുടെ ഭാഗമായി ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ചു പൊലീസ് അറസ്റ്റ് ചെയ്തതു വലിയ നേട്ടമായിട്ടാണ് അന്നു വിലയിരുത്തിയത്. തായിലാന്‍ഡില്‍നിന്നും ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. 1990കള്‍ മുതല്‍ മൂന്ന് പതിറ്റാണ്ടുകളായ സിഖ് കലാപം നയിക്കുന്ന സംഘടനയാണു കെഎല്‍എഫ്. പാകിസ്ഥാന്റെ സഹായത്തോടെയാണ് കെഎല്‍എഫ് പ്രവര്‍ത്തിക്കുന്നതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. പണവും ആയുധവും കെഎല്‍എഫിന് നല്‍കുന്നതും പാകിസ്ഥാനാണ്. ഇതിനു പുറമേ യൂറോപ്പില്‍നിന്നും നോര്‍ത്ത് അമേരിക്കയിലുള്ള ഖാലിസ്ഥാന്‍ അനുകൂലികളിലും നിന്നും ഫണ്ടുകള്‍ ലഭിച്ചിരുന്നു. 2014ല്‍ പിടിയിലാകുന്നതിനു മുന്‍പ് കെഎല്‍എഫ് തലവന്‍ മിന്റു, പാകിസ്ഥാനിലായിരുന്നു കഴിഞ്ഞിരുന്നത്.
1984ല്‍ അമൃത്സറിലെ സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തില്‍നിന്നും തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനു ശേഷമാണ് ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് രൂപീകരിച്ചത്. സിഖ് സംഘടനകളില്‍ വച്ച് ഏറ്റവും മാരകമെന്നു പേരെടുത്ത വിഭാഗമാണ് കെഎല്‍എഫ്. 1993 മുതല്‍ പ്രത്യേക ഭരണസംവിധാനം വേണമെന്ന് ആവശ്യമുന്നയിച്ച് രംഗത്തുണ്ട് കെഎല്‍എഫ്.

Comments

comments

Categories: Slider, Top Stories