എടിഎമ്മുകള്‍ നോക്കുകുത്തികളായി തുടരുന്നു

എടിഎമ്മുകള്‍ നോക്കുകുത്തികളായി തുടരുന്നു

 

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത കറന്‍സിരഹിത സമ്പദ്ഘടനയിലേക്ക് നേതൃപരമായ പങ്ക് വഹിക്കുന്നത് എടിഎമ്മുകളാണെന്ന് സംശയിക്കേണ്ടിവരും. കാരണം എടിഎമ്മുകള്‍ മിക്കതും കാലിയാണ്. പണത്തേക്കാള്‍ കൂടുതല്‍ നിരാശയാണ് എടിഎമ്മുകള്‍ വിതരണം ചെയ്യുന്നത്.

നിറയ്ക്കുന്നതിനേക്കാള്‍ വേഗത്തിലാണ് എടിഎമ്മുകളില്‍ പണം തീരുന്നത്. പണമുള്ള എടിഎം തിരയുന്ന സാഹസം ഇപ്പോള്‍ ശരാശരി ഇന്ത്യക്കാരന്റെ ദേശീയ നേരംപോക്കായി മാറിയിട്ടുണ്ട്. നഗരങ്ങളില്‍ മിക്ക എടിഎമ്മുകളും പ്രവര്‍ത്തനരഹിതമാണ്. റീകാലിബ്രേറ്റ് ചെയ്ത എടിഎമ്മുകളില്‍നിന്ന് 2,000 രൂപയാണ് ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന 2,000 രൂപ ചില്ലറയാക്കുന്നതിന് വീണ്ടും ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്.

ഇടയ്ക്കിടെ പണം നിറയ്ക്കുന്നതിനാല്‍ ബാങ്ക് ശാഖകള്‍ക്ക് സമീപമുള്ള എടിഎമ്മുകളില്‍നിന്നാണ് മിക്കവാറും പണം ലഭിക്കുന്നത്. ബാങ്കില്‍നിന്ന് ദൂരെയുള്ള എടിഎമ്മുകളുടെ ഷട്ടറുകള്‍ താഴ്ത്തിയിട്ടിരിക്കുകയാണ്. താരതമ്യേന ചെറിയ ബാങ്ക് എടിഎമ്മുകളുടെ സ്ഥിതി പരിതാപകരം തന്നെ.

എടിഎമ്മുകളിലെ ധനസ്ഥിതി സംബന്ധിച്ച് ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ്. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പണം എടിഎമ്മുകളിലുണ്ടെന്ന് മാനേജര്‍മാര്‍ പറയുമ്പോള്‍ അതത് ദിവസത്തേക്ക് വേണ്ടതുപോലും എടിഎമ്മുകളില്‍ ഇല്ലെന്നാണ് മറ്റ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.

ആര്‍ബിഐയില്‍ നിന്ന് പരിമിതമായി മാത്രമേ ബാങ്കുകളില്‍ പണമെത്തുന്നുള്ളൂവെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. മിക്ക ദിവസങ്ങളിലും രാവിലെ പ്രവര്‍ത്തനം തുടങ്ങി ഒരു മണിക്കൂറാകുമ്പോഴേയ്ക്കും പണം തീരുന്ന അവസ്ഥയാണ്.

Comments

comments

Categories: Slider, Top Stories