ഭവന പദ്ധതി: സിമന്റ് കമ്പനികളുമായി തെലങ്കാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു

ഭവന പദ്ധതി:  സിമന്റ് കമ്പനികളുമായി തെലങ്കാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു

 

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ 32 സിമന്റ് കമ്പനികളുമായി കരാര്‍ ഒപ്പുവച്ചു. സംസ്ഥാനത്തെ താഴെ തട്ടിലുള്ളവര്‍ക്കു വേണ്ടി ആവിഷ്‌കരിച്ച ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി 27.31 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ലഭ്യമാക്കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള കരാറിലാണ് സിമന്റ് കമ്പനികളുമായി ധാരണയിലായത്. രണ്ട് കിടപ്പുമുറി സൗകര്യമുള്ള വീട് നിര്‍മിച്ച് നല്‍കുന്നതാണ് പദ്ധതി.

കാരാര്‍ പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തേക്ക് ചാക്കിന് 230 രൂപയ്ക്കായിരിക്കും സിമന്റ് കമ്പനികള്‍ സര്‍ക്കാരിന് സിമന്റ് വില്‍പ്പന നടത്തുക. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് രണ്ട് കിടപ്പുമുറി ഒരുക്കികൊണ്ടുള്ള ഭവനനിര്‍മാണ പദ്ധതി. ഇതിലൂടെ സംസ്ഥാനത്തെ ഗ്രാമ-നഗര പ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി 2.6 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

തെലങ്കാന ഹൗസിംഗ് മന്ത്രി ഇന്ദ്രാകരന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന ഹൗസിംഗ് കോര്‍പ്പറേഷനാണ് 32 സിമന്റ് കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചത്. ജില്ലാ കലക്റ്ററില്‍ നിന്നും ഉത്തരവ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ നിര്‍മാണത്തിനാവശ്യമായ സിമന്റ് ലഭ്യമാക്കുമെന്ന് കമ്പനികള്‍ അറിയിച്ചതായി ഇന്ദ്രാകരന്‍ റെഡ്ഡി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കമ്പനികളുടെ ബില്‍ പാസാക്കുമെന്ന് വാഗ്ദാനം നല്‍കിയ അദ്ദേഹം സാമൂഹിക പ്രതിബന്ധതയോടുള്ള കമ്പനികളുടെ സമീപനത്തിന് നന്ദി രേഖപ്പടുത്തുന്നതായും അറിയിച്ചു.

Comments

comments

Categories: Business & Economy