ഉര്‍ജിത് പട്ടേലിനെ കണ്ടവരുണ്ടോ?

ഉര്‍ജിത് പട്ടേലിനെ കണ്ടവരുണ്ടോ?

മുംബൈ : ലോകം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ കറന്‍സി പരിഷ്‌കരണ നടപടിയിലൂടെ ഇന്ത്യ കടന്നുപോകുമ്പോള്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായ ഉര്‍ജിത് പട്ടേലിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും വിശദീകരണവുമെല്ലാം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത് സര്‍ക്കാര്‍വൃത്തങ്ങള്‍ തന്നെയാണ്.

നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്ഘടനയില്‍ വിനിമയത്തിലുള്ള 86 ശതമാനം ബാങ്ക് നോട്ടുകളും പിന്‍വലിച്ച ശേഷം റിസര്‍വ്വ് ബാങ്കിന്റെ ധനനയ സമിതി അധ്യക്ഷന്‍ കൂടിയായ ഉര്‍ജിത് പട്ടേല്‍ ഒരു തവണ മാത്രമാണ് മാധ്യമങ്ങളോട് സംസാരിച്ചത്. 500, 1000 നോട്ടുകള്‍ അസാധുവാക്കിയ ശേഷം ജനങ്ങള്‍ക്കിടയില്‍ പണ ലഭ്യത കുറഞ്ഞതിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം ഇതിനിടെ ഉണ്ടായി. ബാങ്ക് ജീവനക്കാരുടെ സംഘടന ഉര്‍ജിത് പട്ടേലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. സാധാരണഗതിയില്‍ ഇത്തരം പരിഷ്‌കരണ നടപടികള്‍ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും ജനങ്ങള്‍ക്ക് ഇതുമായി പൊരുത്തപ്പെടാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ഉപദേശകന്‍ റോബര്‍ട്ട് ഹോക്കറ്റ് പറയുന്നു. നോട്ട് അസാധുവാക്കല്‍ പോലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ റിസര്‍വ് ബാങ്ക് പ്രധാന നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയുടെ ഏറെ പ്രകടമായ ഭരണനിര്‍വഹണ ശൈലിയാണ് താരതമ്യേന ഒതുങ്ങിക്കൂടിയ ഉര്‍ജിത് പട്ടേലിന്റെ മാധ്യമപ്രസക്തിയെ ആദ്യഘട്ടത്തില്‍ ബാധിച്ചത്. മോദിയുടെ തീരുമാനത്തില്‍ ആര്‍ബിഐ ക്ക് എത്രമാത്രം പങ്കുണ്ടെന്ന കാര്യത്തില്‍ 2009-2014 കാലയളവില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന കെസി ചക്രബര്‍ത്തിക്ക് സംശയമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുമോയെന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഉര്‍ജിത് പട്ടേല്‍ വിവേകമതിയാണെന്ന് കരുതുന്നതിനാല്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നു എന്നാണ് ഒരു ദേശീയ മാധ്യമത്തോട് കെസി ചക്രബര്‍ത്തി അഭിപ്രായപ്പെട്ടത്.

ഉര്‍ജിത് പട്ടേല്‍ ഉള്‍പ്പെടുന്ന പത്തംഗ സമിതിയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ട് നിരോധിക്കണമെന്ന ആവശ്യമയുര്‍ത്തിയതെന്ന് അടുത്തിടെ ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ പ്രസ്താവിച്ചിരുന്നു. നോട്ട് പിന്‍വലിച്ചത് സംബന്ധിച്ചും ഉര്‍ജിത് പട്ടേലിന്റെ അസാന്നിധ്യത്തെക്കുറിച്ചും പ്രതികരിക്കാന്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ തയാറായിട്ടില്ല. അതേസമയം അച്ചടിച്ച നോട്ടുകള്‍ വിതരണത്തിനെത്തിക്കുന്നതിനെക്കുറിച്ച് ആര്‍ബിഐ ഇടയ്ക്കിടെ പ്രസ്താവന പുറത്തിറക്കുന്നുണ്ട്.

ഉര്‍ജിത് പട്ടേലിനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാക്കുന്നതില്‍ നരേന്ദ്ര മോദിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മോദിയുടെ ഉറച്ച തീരുമാനത്തെ അംഗീകരിക്കാതിരിക്കാനും കഴിയില്ല. നേരത്തേ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ചിലപ്പോഴൊക്കെ പരസ്യമായി തന്നെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കൊതിരേ രംഗത്തെത്തിയത് മോദിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. രാജ്യത്ത് മൂന്ന് ദശാബ്ദത്തിനിടെ ഏറ്റവും മികച്ച ജനവിധി ലഭിച്ച് സര്‍ക്കാരുണ്ടാക്കിയ ബിജെപിയില്‍ ഇന്ന് മോദി സര്‍വ ശക്തനാണ.് നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ 8 നും 22 നും ഇടയ്ക്ക് മോദി പല ഭാവങ്ങളില്‍ ആറ് തവണയാണ് ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞുനിന്നത്.

Comments

comments

Categories: Trending