മ്യാന്‍മാറില്‍ വംശീയ ഉന്മൂലനം അരങ്ങേറുമ്പോള്‍

മ്യാന്‍മാറില്‍ വംശീയ ഉന്മൂലനം അരങ്ങേറുമ്പോള്‍

മ്യാന്‍മാറില്‍ വംശീയ പ്രശ്‌നം വീണ്ടും തലപൊക്കിയിരിക്കുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരക്കണക്കിന് റോഹിങ്ക്യ മുസ്ലിംഗങ്ങളാണു സൈനിക നടപടികളില്‍നിന്നും മോചനം തേടി അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നത്.

മ്യാന്‍മാറില്‍ റോഹിങ്ക്യ മുസ്ലിംഗങ്ങള്‍ ന്യൂനപക്ഷമാണ്. മ്യാന്മാറില്‍ തലമുറകളായി താമസിക്കുന്നുണ്ടെങ്കിലും ബംഗ്ലാദേശാണ് റോഹിങ്ക്യ മുസ്ലിംഗങ്ങളുടെ ജന്മദേശമെന്നാണ് മ്യാന്മാറിലെ ഭൂരിപക്ഷമായ ബുദ്ധവിഭാഗക്കാര്‍ ആരോപിക്കുന്നത്. ഈയൊരു കാരണത്താല്‍ റോഹിങ്ക്യ മുസ്ലിംഗങ്ങള്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കുകയാണ്. ഇവരെ ബംഗ്ലാദേശില്‍നിന്നുമെത്തിയ അനധികൃത കുടിയേറ്റക്കാരായിട്ടാണു കണക്കാക്കുന്നത്. മ്യാന്‍മാറിലെ പട്ടാളവും ദേശീയവാദികളായ ബുദ്ധവിഭാഗക്കാരും റോഹിങ്ക്യ മുസിംഗങ്ങളെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണ്.
റോഹിങ്ക്യ മുസ്ലിംഗങ്ങളുടെ കേന്ദ്രമാണ് മ്യാന്‍മാറിലെ റാഖിന്‍ സംസ്ഥാനം. ഈ സംസ്ഥാനമാകട്ടെ, ബംഗ്ലാദേശുമായിട്ടാണ് അതിര്‍ത്തി പങ്കിടുന്നത്. ഇവിടെ ഈ മാസം ആദ്യ ആഴ്ചയില്‍ മ്യാന്മാറിലെ പട്ടാളവും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു ശേഷം മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നിരീക്ഷണം കര്‍ശനമാക്കിയ സൈന്യം മേഖലയില്‍ അതിക്രമം അഴിച്ചുവിടുകയാണെന്നും പ്രചരിക്കുന്നുണ്ട്. അക്രമികളെന്നു മുദ്രകുത്തി യുവാക്കളെ അറസ്റ്റ് ചെയ്തും, ആണുങ്ങളില്ലാത്ത വീടുകളില്‍ പട്ടാളം കയറി ചെന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതു ഭയന്നാണ് പലരും വീട് ഉപേക്ഷിച്ചു ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നത്.
സംഘര്‍ഷ ബാധിത മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തിയും മനുഷ്യാവകാശ ധ്വംസനങ്ങളുടെ തോതും വിലയിരുത്താന്‍ സാധിച്ചിട്ടില്ല. അതേസമയം റാഖിന്‍ മേഖലയില്‍ നടക്കുന്ന സംഭവത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പ്രശ്‌നത്തില്‍ രൂക്ഷ വിമര്‍ശനമാണ് യുഎന്‍ നടത്തിയിരിക്കുന്നത്. മ്യാന്മാറില്‍ ആംഗ് സാങ് സ്യൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രശ്‌നത്തില്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കാത്തതിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
റാഖിന്‍ സംസ്ഥാനത്ത് അരങ്ങേറുന്ന കലാപം രൂക്ഷമായ സ്ഥിതിക്ക് ആംഗ് സാങ് സ്യൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പുതിയ വെല്ലുവിളി അഭിമുഖീകരിക്കേണ്ട സാഹചര്യമാണ് കൈവന്നിരിക്കുന്നത്.
മ്യാന്മാറില്‍ റോഹിങ്ക്യ മുസ്ലിംഗങ്ങളും ഭൂരിപക്ഷമായ ബുദ്ധവിഭാഗക്കാരും തമ്മില്‍ 2012 മുതല്‍ കലാപം അരങ്ങേറുന്നുണ്ട്. കലാപത്തില്‍ 200-ലേറെ പേര്‍ 2012ല്‍ മാത്രം കൊല്ലപ്പെടുകയുണ്ടായി. ഇതേ തുടര്‍ന്ന് റോഹിങ്ക്യ വിഭാഗത്തിലെ ഏകദേശം ഒരു ലക്ഷത്തിലേറെ പേരെ ക്യാംപുകളിലേക്ക് നിര്‍ബന്ധിച്ച് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ജനാധിപത്യ സര്‍ക്കാര്‍ ഈ വര്‍ഷം ഏപ്രിലിലാണ് മ്യാന്മാറില്‍ അധികാരമേറ്റത്. എന്നിട്ടും പ്രശ്‌നത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല.
കഴിഞ്ഞ ദിവസം ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട ഉപഗ്രഹ ചിത്രത്തില്‍ റോഹിങ്യ വിഭാഗക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ പട്ടാളം അതിക്രമങ്ങള്‍ അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുകയുണ്ടായി. എന്നാല്‍ ഈ ചിത്രങ്ങളുടെ ആധികാരികത പരിശോധിച്ചതിനു ശേഷമേ പ്രതികരിക്കാന്‍ സാധിക്കൂ എന്ന നിലപാടിലാണു സര്‍ക്കാര്‍. മേഖലയിലെ കലാപം നിരവധി കുട്ടികളെ പോഷകാഹാര കുറവിലേക്കും പട്ടിണിയിലേക്കും തള്ളിവിട്ടിട്ടുണ്ട്. 3,000 ാളം കുട്ടികളാണ് ഇത്തരത്തിലുള്ളത്. സൈനിക നടപടി കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 1,50,000 ാളം പേര്‍ക്ക് ഭക്ഷണവും മരുന്നും സൗജന്യമായി നല്‍കിയിരുന്നത് നിറുത്തിവച്ചിരിക്കുകയാണ്.
റോഹിങ്ക്യ വിഭാഗക്കാരുടെ അവകാശങ്ങള്‍ മ്യാന്മാര്‍ സര്‍ക്കാര്‍ അംഗീകരിക്കുക എന്നതാണ് പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം. എന്നാല്‍ അന്താരാഷ്ട്ര തലത്തിലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സഹായത്തോടെ റോഹിങ്ക്യ വിഭാഗക്കാര്‍ രാജ്യത്ത് അക്രമം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാരും വാദിക്കുന്നു. ഇരുവിഭാഗവും നിലപാട് കടുപ്പിക്കുമ്പോള്‍ മ്യാന്മാറില്‍ വംശീയ കലാപത്തിന് സമീപകാലത്തൊന്നും പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ ലോകം പ്രവചിക്കുന്നത്.

Comments

comments

Categories: World