മുംബൈ റിയല്‍റ്റിക്ക് ഊര്‍ജ്ജം പകര്‍ന്ന് സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍

മുംബൈ റിയല്‍റ്റിക്ക്  ഊര്‍ജ്ജം പകര്‍ന്ന്  സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍

 

മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ ഒരു വര്‍ഷത്തിനിടെ നിക്ഷേപിച്ചത് 2 ബില്ല്യണ്‍ ഡോളറിലധികം (13,400 കോടി രൂപ). തൊട്ടു മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം അധികമാണിത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ തങ്ങളുടെ നിക്ഷേപം 19 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇക്കാലയളവില്‍ ഭവന ആസ്തികള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ചു. മുംബൈ നഗരത്തിലെ മൊത്തം നിക്ഷേപങ്ങളില്‍ 62 ശതമാനവും സ്വന്തമാക്കിയതും ഭവനആസ്തികള്‍ തന്നെ.
ആഗോള തലത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന്റെ കാര്യത്തില്‍ 84ാം റാങ്ക് നേടാന്‍ പ്രൈവറ്റ് ഇക്വിറ്റികള്‍ മുംബൈയെ സഹായിച്ചെന്ന് കുഷ്മാന്‍ ആന്‍ഡ് വെയ്ക്ക്ഫീല്‍ഡിന്റെ സര്‍വെ വ്യക്തമാക്കുന്നു.
അടുത്ത 24 മാസത്തിനകം മുംബൈ കൂടുതല്‍ പിഇആര്‍ഇ (പ്രൈവറ്റ് ഇക്വിറ്റി റിയല്‍ എസ്റ്റേറ്റ്) നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. നഗരത്തില്‍ വലിയ തോതിലെ വികസനമുണ്ടാകുമെന്ന് കുഷ്മാന്‍ ആന്‍ഡ് വെയ്ക്ക്ഫീല്‍ഡിന്റെ ഇന്ത്യന്‍ എംഡി അന്‍ഷുല്‍ ജെയ്ന്‍ പറഞ്ഞു.
നവി മുംബൈയും താനെയും ഉള്‍പ്പെടുന്ന മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ ഹ്രസ്വ- ദീര്‍ഘ കാലത്തേക്ക് ശക്തമായ നിക്ഷേപ സാധ്യത കാണുന്നുണ്ട്. 2015 വരെ നഗരത്തിലെ റീട്ടെയ്ല്‍ ആസ്തി നിക്ഷേപങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അതില്‍ നേരിയ മാറ്റമുണ്ട്. ഈ കാലയളവിലെ മൊത്തം നിക്ഷേപത്തില്‍ 18 ശതമാനമായിരുന്നു റീട്ടെയ്ല്‍ ആസ്തിയുടെ വിഹിതമെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നോട്ട് അസാധുവാക്കല്‍ റിയല്‍റ്റിരംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറന്നേക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളെല്ലാം ഇനി ബാങ്കിംഗ് ശൃംഖലകളിലൂടെയായിരിക്കുമെന്നും ജെയ്ന്‍ സൂചിപ്പിച്ചു.
കുഷ്മാന്‍ ആന്‍ വെയ്ക്ക്ഫീല്‍ഡിന്റെ പഠനമനുസരിച്ച് 1.7 ബില്ല്യണ്‍ ഡോളറിലധികം നിക്ഷേപത്തോടെ ഡെല്‍ഹി/എന്‍സിആറാണ് പിഇആര്‍ഇ ഏറ്റവുമധികം എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരം. ഡെല്‍ഹിയിലെ പിഇആര്‍ഇ നിക്ഷേപത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്തിക്കഴിഞ്ഞു. കൂടാതെ 63 ശതമാനം നിക്ഷേപങ്ങളിലും ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവുമുണ്ട്.

Comments

comments

Categories: Business & Economy