പാറ്റ്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസ് ദുരന്തം: ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഐആര്‍സിടിസി

പാറ്റ്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസ് ദുരന്തം:  ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഐആര്‍സിടിസി

 

ന്യൂഡെല്‍ഹി: പാറ്റ്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസ് ട്രെയ്ന്‍ അപകടത്തില്‍ മരണമടഞ്ഞ അഞ്ച് പേരുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഐആര്‍സിടിസി. ഇതുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിച്ചതായും ഇന്‍ഷുറന്‍സ് തുക കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അപകടത്തില്‍പ്പെട്ടവരുടെ കൂടുംബാംഗങ്ങളുമായി കമ്പനികള്‍ ബന്ധപ്പെടുന്നതായും ഐആര്‍സിടിസി അറിയിച്ചു.

ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതിന് അര്‍ഹരായ യാത്രക്കാരില്‍ ഒരാള്‍ മാത്രമെ നോമിനിയുടെ പേര് വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കിയിട്ടുള്ളു. ബാക്കി നാല് പേരുടെയും ഇന്‍ഷുറന്‍സ് തുക നിയമപരമായ പരിശോധനകള്‍ക്കു ശേഷം വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും കൈമാറുക. അതേസമയം രേഖകള്‍ സമര്‍പ്പിക്കുന്നതിന് സമയം അനുവദിക്കണമെന്ന് ഇവരുടെ കുടുബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനു സമീപമുണ്ടായ അപകടത്തില്‍ പാറ്റ്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളംതെറ്റിയത്. 149 പേര്‍ മരണമടയുകയും, 179 പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനമുണ്ടായത് ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ്. സെപ്റ്റംബര്‍ ഒന്നു മുതലാണ് ട്രെയ്ന്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി തുടങ്ങിയത്.

Comments

comments

Categories: Branding