ആരോപണം പരമ്പരയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം: കോഹ്‌ലി

ആരോപണം  പരമ്പരയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം: കോഹ്‌ലി

 

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ കഴിഞ്ഞ മത്സരത്തില്‍ താന്‍ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്. ആരോപണങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കുന്ന കളിയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനാണെന്നാണ് വിരാട് കോഹ്‌ലി പറഞ്ഞത്.

പത്ര വാര്‍ത്തകളേക്കാള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനായി ഐസിസി താനുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ടീം ഇന്ത്യ നായകന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവം പുറത്തുവന്നത് രണ്ടാം ടെസ്റ്റിലെ വിജയത്തിന് ശേഷമായിരുന്നുവെന്നത് ആസൂത്രിതമാണെന്നും കോഹ്‌ലി പറഞ്ഞു. രാജ്‌കോട്ടില്‍ നടന്ന ആദ്യ മത്സരത്തിലാണ് കോഹ്‌ലി പന്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയര്‍ന്നത്. ഇതിന് തെളിവായി തുപ്പല്‍ പുരട്ടുന്നതിന്റെ വീഡിയോ ദൃശ്യവും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു.

അതേസമയം, കോഹ്‌ലിക്കെതിരായ ആരോപണം തള്ളിക്കൊണ്ട് ടീം ഇന്ത്യ പരിശീലകനായ അനില്‍ കുംബ്ലെ മുമ്പ് രംഗത്തുവന്നിരുന്നു. അംപയറോ മാച്ച് റഫറിയോ ഇക്കാര്യത്തില്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ആരോപണങ്ങളെയും വാര്‍ത്തകളെയും ശ്രദ്ധിക്കാന്‍ സമയമില്ലെന്നുമായിരുന്നു സംഭവത്തില്‍ അനില്‍ കുംബ്ലെയുടെ പ്രതികരണം.

ബ്രിട്ടീഷ് മാധ്യമങ്ങളായിരുന്നു വിരാട് കോഹ്‌ലി പന്തില്‍ തുപ്പല്‍ പുരട്ടിയെന്ന ദൃശ്യങ്ങളും വാര്‍ത്തകളും പുറത്ത് വിട്ടത്. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍മാരായ അലൈസ്റ്റര്‍ കുക്കും ഹസീബ് ഹമീദും ചേര്‍ന്ന് ഇംഗ്ലണ്ട് 130 റണ്‍സിലെത്തിയപ്പോഴായിരുന്നു കോഹ്‌ലി പന്തില്‍ തുപ്പല്‍ പുരട്ടിയത്. മത്സരം സമനിലയിലായിരുന്നു കലാശിച്ചത്.

പന്തിന്റെ തിളക്കം കൂട്ടുന്നതിനായി തുപ്പല്‍ പുരട്ടുന്നത് അനുവദനീയമാണെങ്കിലും സ്വഭാവികത നഷ്ടമാകുന്ന രീതിയില്‍ കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുതെന്നതാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമം. എന്നാല്‍, പന്തില്‍ തുപ്പല്‍ പുരട്ടുന്ന സമയത്ത് കോഹ്‌ലിയുടെ വായില്‍ ബബിള്‍ഗം ഉണ്ടായിരുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

മത്സര ഫീസിന്റെ 100 ശതമാനം വരെ പിഴ ലഭിക്കാവുന്ന തരത്തിലുള്ള വഞ്ചനാ കുറ്റമായാണ് ഇത്തരം പ്രവൃത്തികളെ കാണുന്നത്. അതേസമയം, നവംബര്‍ 9-13 തിയതികള്‍ക്കുള്ളില്‍ മത്സരം കഴിഞ്ഞതിനാല്‍ ഐസിസിയുടെ ശിക്ഷാ നടപടികള്‍ കോഹ്‌ലി നേരിടേണ്ടി വരില്ല. എന്നാല്‍ ഇതേ കുറ്റം ചെയ്ത ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ കഴിഞ്ഞ ദിവസം ഐസിസി ശിക്ഷിച്ചിരുന്നു.

Comments

comments

Categories: Sports