ഇലക്ട്രിക്ക് കാര്‍ പദ്ധതിയുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പും

ഇലക്ട്രിക്ക് കാര്‍ പദ്ധതിയുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പും

ന്യൂഡെല്‍ഹി: മലിനീകരണ രഹിത വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂല പദ്ധതിയുമായി പ്രമുഖ ഉരുക്ക് വ്യവസായ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. ശതകോടീശ്വരന്‍ പവന്‍ മുജ്ജളിന്റെ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇലക്ട്രിക്ക് കാര്‍ നിര്‍മിക്കാന്‍ പദ്ധതിയൊരുക്കുന്നതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഊര്‍ജ പ്രതിസന്ധിയും, വില വര്‍ധനയും തിരച്ചടി നല്‍കുന്ന ഇന്ത്യന്‍ ഇലക്ട്രിക്ക് വാഹന വിപണിയില്‍ നികുതി ആനുകൂല്യങ്ങളടക്കം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വന്‍ പ്രോത്സാഹനമാണ് നല്‍കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളുടെ വിലയില്‍ ഏറ്റവും വര്‍ധന വരുത്തുന്നത് ബാറ്ററിക്കുള്ള ചെലവാണ്. ഇത്തരം ബാറ്ററികള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ നിരവധി കമ്പനികള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുള്ള വൈദ്യുത കാറുകളുടെ എണ്ണം ഏഴ് മില്ല്യന്‍ യൂണിറ്റാക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇത്തരം കാറുകളുടെ എണ്ണം ഇന്ത്യയില്‍ 20,000 യൂണിറ്റ് മാത്രമാണ്.
കടബാധ്യത തിരിച്ചടിയാകുന്ന ജെഎസ്ഡബ്ല്യു പുതിയ മേഖലയിലേക്ക് തിരിയുന്നത് സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. കേന്ദ്ര ഉപരിതല ഗാതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അമേരിക്കന്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ല മോട്ടോഴ്‌സ് സന്ദര്‍ശിച്ച് നടത്തിയ പ്രഖ്യാപനത്തിലാണ് ഇലക്ട്രിക്ക് കാറുകള്‍ നിര്‍മിക്കുന്നതിന് ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കാറുകളുടെ നിര്‍മാണത്തിന് കമ്പനിയുടെ തന്നെ സറ്റീല്‍ ഉപയോഗപ്പെടുത്തിയാല്‍ വിലയില്‍ കാര്യമായ കുറവ് വരുത്താനാകുമെന്നാണ് ജെഎസ്ഡബ്ല്യു പ്രതീക്ഷിക്കുന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഇന്ത്യയില്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന ഏക കമ്പനി. പ്രതീക്ഷിച്ചതിലും കുറവ് വില്‍പ്പനയാണ് മഹീന്ദ്ര റെവ രേഖപ്പെടുത്തുന്നത്.
ജെഎസ്ഡബ്ല്യു ഇലക്ട്രിക്ക് കാര്‍ പദ്ധതി ഗഡകരി അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിക്കുന്നതിനായി ടെസ്ല മോട്ടോഴ്‌സിനെ ക്ഷണച്ചിരുന്ന ഗഡ്കരി ആഭ്യന്തര കമ്പനികളുമായി സഹകരണമുണ്ടാക്കാമെന്നും സന്ദര്‍ശന സമയത്ത് ടെസ്ല മോട്ടോഴ്‌സിന് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
അതേസമയം, ടെസ്ലയുമായി പങ്കാളിത്തത്തിനല്ലാതെ അമേരിക്കന്‍ കമ്പനിയുടെ രീതിയിലുള്ള സാങ്കേതികത വികസിപ്പിക്കാനാണ് ജെഎസ്ഡബ്ല്യു ഒരുങ്ങുന്നതെന്നും കമ്പനി വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈദ്യുതി കാര്‍ നിര്‍മാണ പദ്ധതിക്ക് ജെഎസ്ഡബ്ല്യു പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പദ്ധതിക്ക് നേതൃത്യം നല്‍കുന്നതിനായി വിദേശ കമ്പനികളിലടക്കമുള്ള ഇന്ത്യന്‍ വംശജരായ വാഹന രംഗത്തെ വിദഗ്ധരുമായി ജിന്‍ഡാല്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പുതിയ മേധാവി ചുമതലയേല്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍.
സ്റ്റീല്‍ തൊട്ട് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ വരെ സാന്നിധ്യമുള്ള ടാറ്റ മോട്ടോഴ്‌സിന് സമാനമായി രീതിയിലുള്ള വൈവിധ്യ വല്‍ക്കരണമാണ് ജെഎസ്ഡബ്ല്യു ലക്ഷ്യമിടുന്നത്. ഇലക്ട്രിക്ക് കാര്‍ പദ്ധതി ജിന്‍ഡാല്‍ ഗ്രൂപ്പ് പ്രധാന്യത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്. പദ്ധതിക്ക് പണം ഒരു പ്രശ്‌നമല്ലെന്നാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഫൈനാന്‍സ് മേധാവി ശേഷഗിരി റാവു വ്യക്തമാക്കിയത്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനായി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയവുമായി കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്ല്യന്‍ ഡോളര്‍ ചെലവിട്ട് ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നതടക്കം ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Branding