ഐഎസ്എല്‍ ഫൈനലിന് കൊച്ചി വേദിയാകും

ഐഎസ്എല്‍  ഫൈനലിന് കൊച്ചി വേദിയാകും

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ ഫൈനല്‍ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഔദ്യോഗികമായ പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നുമാണ് അറിയുന്നത്. ഡിസംബര്‍ പതിനെട്ടിനാണ് ഫൈനല്‍ മത്സരം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കാണാനെത്തുന്നവരുടെ ഒഴുക്കാണ് കൊച്ചിയെ ഫൈനല്‍ മത്സര വേദിയായി തിരഞ്ഞെടുക്കാന്‍ കാരണമായത്. കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചി സ്റ്റേഡിയത്തില്‍ ഫൈനല്‍ നടത്താനുള്ള സാധ്യതകളും ഐഎസ്എല്‍ അധികൃതര്‍ പരിശോധിച്ചിരുന്നു. സാധാരണയായി കൊച്ചിയില്‍ മത്സരങ്ങള്‍ കാണുന്നതിനായി അര ലക്ഷത്തിലധികം കാണികള്‍ എത്താറുണ്ട്.

ഐഎസ്എല്ലിന്റെ ആദ്യ രണ്ട് സീസണുകളില്‍ മുംബൈയും ഗോവയുമായിരുന്നു ഫൈനല്‍ വേദികള്‍. ഇത്തവണ ഫൈനല്‍ വേദിക്കായി പരിഗണിച്ചിരുന്നത് കൊല്‍ക്കത്ത, കൊച്ചി സ്റ്റേഡിയങ്ങളെയായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള നവീകരണം നടക്കുന്നതിനാല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ അനുവദിച്ചില്ല.

Comments

comments

Categories: Sports