സൈനികരെ സഹായിക്കാന്‍ ഐസിഐസിഐയുടെ ക്യാംപുകള്‍

സൈനികരെ സഹായിക്കാന്‍ ഐസിഐസിഐയുടെ  ക്യാംപുകള്‍

ന്യൂഡെല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കൈമാറുന്നതിന് രാജ്യത്തെ പ്രതിരോധ ഓഫീസുകള്‍ക്കടുത്തായി ഐസിഐസിഐ ബാങ്ക് പ്രത്യേക ക്യാംപുകള്‍ ആരംഭിച്ചു. പണം മാറ്റിയെടുക്കാന്‍ സൈനികരെ സഹായിക്കുകയാണ് ക്യാംപുകളുടെ ദൗത്യം.

നോട്ടുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ റസിഡന്‍ഷ്യല്‍ സൊസൈറ്റികളിലും വിദേശ പൗരന്മാരുടെ അടുത്തും സഹായഹസ്തവുമായി ഐസിഐസിഐ എത്തുന്നുണ്ട്. കണ്‍ന്റോണ്‍മെന്റ്, ആയുധ സംഭരണ ഫാക്റ്ററികള്‍, ബറ്റാലിയനുകള്‍, റെജിമെന്റ്‌സ് എന്നിവിടങ്ങളിലും ജെയ്‌സല്‍മര്‍, ബാര്‍മര്‍ എന്നിവയ്ക്കു സമീപത്തെ അതിര്‍ത്തി പ്രദേശങ്ങളിലും സ്‌പെഷല്‍ ക്യാംപുകള്‍ ആരംഭിച്ചെന്ന് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. എയര്‍ഫോഴ്‌സ് സ്‌റ്റേഷനുകളും ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ഒരു യൂണിറ്റും സേവനത്തിന്റെ പരിധിയില്‍ വരും. ക്യാംപുകളിലൂടെ ആയിരക്കണക്കിന് പ്രതിരോധ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ സാധിച്ചെന്നും ബാങ്ക് വ്യക്തമാക്കി.
വലിയ ഓഫീസ് സമുച്ചയങ്ങള്‍ക്കും റസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ക്കും സമീപം മൊബീല്‍ യൂണിറ്റുകളും ശാഖകളില്‍ വിദേശ പൗരന്മാര്‍ക്ക് പ്രത്യേക കൗണ്ടറുകളും ഐസിഐസിഐ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളില്‍ മൊബീല്‍ ശാഖകളും വിന്യസിച്ചുകഴിഞ്ഞു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ ഉപഭോക്തൃ സൗഹൃദമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ശാഖകളിലൂടെയും എടിഎമ്മുകളിലൂടെയും നടപ്പാക്കുന്നത്-ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കൊച്ചാര്‍ പറഞ്ഞു. സൈനികരെ സഹായിക്കുന്നതിന് ബാങ്കിന്റെ നേതൃത്വത്തില്‍ ഏകദേശം 300 ക്യാംപുകള്‍ ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Comments

comments

Categories: Banking, Slider