ഇ-വാലറ്റ് ആപ്പ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു

ഇ-വാലറ്റ് ആപ്പ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: പണ രഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പേടിഎം മാതൃകയില്‍ ‘സര്‍ക്കാരി’ എന്ന പേരില്‍ ഇ-വാലറ്റ് സംവിധാനം അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സബ്‌സിഡിയോടു കൂടി സ്മാര്‍ട്ട്‌ഫോണ്‍ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി സൂചനയുണ്ട്. സ്മാര്‍ട്ട്‌ഫോണിനായുള്ള സബ്‌സിഡി ആധാറുമായി ബന്ധപ്പെടുത്തി ജനങ്ങളുടെ എക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ആലോചനയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇ-വാലറ്റ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടായിരിക്കും സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട് അടുത്ത ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

നിലവിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) നിന്നും വ്യത്യസ്തമായിട്ടായിരിക്കും സര്‍ക്കാര്‍ ഇ-വാലറ്റ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുക. സര്‍ക്കാരി ഇ-വാലറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും യാതൊരു വിധത്തിലുള്ള നിരക്കും ഈടാക്കുകയില്ല. കേന്ദ്ര ധനമന്ത്രാലയവും, ടെലികോം-മന്ത്രാലയവും ചേര്‍ന്ന് സര്‍ക്കാരി ഇ-വാലറ്റ് സംവിധാനം അവതരിപ്പിക്കുന്നതിനായുള്ള പദ്ധതി തയാറാക്കികൊണ്ടിരിക്കുകയാണെന്നാണ് വിവരം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിതി അയോഗിന്റെ നിയന്ത്രണത്തിലായിരിക്കും.

നോട്ട് പിന്‍വലിക്കല്‍ നീക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും മോദി സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വന്‍പരിവര്‍ത്തനം സാധ്യമാക്കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയെന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ പൊതു-സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ സിഇഒമാര്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories