യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

യൂറോപ്പ ലീഗ്:  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

 

മാഞ്ചസ്റ്റര്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഡച്ച് ടീമായ ഫെയനൂര്‍ദ് റോട്ടെര്‍ഡാമിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഫെയനൂര്‍ദ് റോട്ടെര്‍ഡാമിനെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം.

മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുത്തത്. നിരന്തരമായ ആക്രമണത്തിനൊടുവില്‍ കളിയുടെ 35-ാം മിനുറ്റില്‍ യുണൈറ്റഡ് ആദ്യ ഗോള്‍ കണ്ടെത്തി. യുണൈറ്റഡിന്റെ നായകനായ ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. കുറച്ച് നാളുകളായി ഫോം നഷ്ടമായിരുന്ന വെയ്ന്‍ റൂണിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

ഫെയനൂര്‍ദ് റോട്ടെര്‍ഡാമിനെതിരെ സ്‌കോര്‍ ചെയ്തതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ഇംഗ്ലണ്ടിന്റെ ബോബി ചാള്‍ട്ടന്റെ റെക്കോര്‍ഡിനൊപ്പമെത്താനും വെയ്ന്‍ റൂണിക്ക് സാധിച്ചു. മത്സരത്തിന്റെ അറുപത്തെട്ടാം മിനുറ്റില്‍ സ്പാനിഷ് താരം യുവാന്‍ മാട്ടയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ലീഡ് നേടി.

തുടര്‍ന്ന് യുവാന്‍ മാട്ടയ്ക്ക് പകരമിറങ്ങിയ ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡും സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ഫെയനൂര്‍ദ് ഗോള്‍ കീപ്പര്‍ ബ്രാഡ് ജോണ്‍സിന്റെ സെല്‍ഫ് ഗോളിലും കലാശിച്ചു. പിന്നീട് ആക്രമണം കടുപ്പിച്ച യുണൈറ്റഡിന് വേണ്ടി മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ജെസെ ലിന്‍ഗാര്‍ഡും വല കുലുക്കി പട്ടിക പൂര്‍ത്തിയാക്കി.

ഫെയനൂര്‍ദ് റോട്ടെര്‍ഡാമിനെതിരായ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. യുണൈറ്റഡിനേക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള ടര്‍ക്കിഷ് ക്ലബ് ഫെനര്‍ബാഷെ എസ്‌കെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. യുവേഫ യൂറോപ്പ ലീഗിലെ മറ്റ് പ്രധാന മത്സരങ്ങളില്‍ എഎസ് റോമ വിജയം കണ്ടെത്തിയപ്പോള്‍ ഇന്റര്‍ മിലാന്‍, സതാംപ്ടണ്‍ ടീമുകള്‍ പരാജയപ്പെട്ടു.

ഇറ്റാലിയന്‍ ക്ലബായ എഎസ് റോമ ചെക് റിപ്പബ്ലിക് ടീമായ വിക്ടോറിയ പ്ലസണിനെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റോമയുടെ ജയം. എഡിന്‍ ഡിസെക്കോ നേടിയ ഹാട്രിക് ഗോളുകളാണ് റോമയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. ഡീഗോ പെറോറ്റിയാണ് റോമയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ജയത്തോടെ റോമ നോക്കൗട്ട് റൗണ്ട് പ്രവേശനം ഉറപ്പിച്ചു.

ഇസ്രായേല്‍ ഫുട്‌ബോള്‍ ക്ലബായ ഹാപോള്‍ ബെര്‍ ഷേവയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ തോല്‍വി വഴങ്ങിയത്. ലൂസിയോ മറനാവോ, അന്തോണി വക്കാമെ, ബെന്‍ സാഹര്‍ എന്നിവരാണ് ആതിഥേയരായ ഹാപ്പോള്‍ ബെര്‍ ഷേവയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

അതേസമയം, മൗറോ ഇക്കാര്‍ഡി, മാര്‍സലോ ബ്രോസോവിക് എന്നീ താരങ്ങളാണ് ഇന്റര്‍ മിലാന്റെ ഗോള്‍ സ്‌കോറര്‍മാര്‍. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു ഇസ്രായേല്‍ ക്ലബ് വിജയം സ്വന്തമാക്കിയത്. ഇന്റര്‍മിലാന്‍ താരം സാമിര്‍ ഹാന്‍ഡനോവിക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. പരാജയത്തോടെ യൂറോപ്പ ലീഗിലെ ഇന്റര്‍മിലാന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചു.

ചെക് റിപ്പബ്ലിക് ക്ലബായ സ്പാര്‍ട്ട പ്രാഗിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇംഗ്ലീഷ് ക്ലബായ സതാംപ്ടണിന്റെ പരാജയം. സ്പാര്‍ട്ട പ്രാഗിന് വേണ്ടി ഫ്രീ കിക്കിലൂടെ സിംബാബ്‌വിയന്‍ താരമായ കോസ്റ്റ ഹമോണിനെസുവാണ് വിജയ ഗോള്‍ നേടിയത്. പരാജയം ഏറ്റുവാങ്ങിയെങ്കിലും സതാംപ്ടണിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ഇനിയും അവസരമുണ്ട്.

Comments

comments

Categories: Sports