കണക്കില്‍പ്പെടാത്ത ബാങ്ക് നിക്ഷേപങ്ങള്‍ക്ക് 50% നികുതി ചുമത്തും

കണക്കില്‍പ്പെടാത്ത ബാങ്ക് നിക്ഷേപങ്ങള്‍ക്ക് 50% നികുതി ചുമത്തും

 

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് കണക്കില്‍പ്പെടാത്ത തുക ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുന്നവരില്‍ നിന്നും അതിന്റെ 50 ശതമാനം നികുതി ഈടാക്കുമെന്ന് പുതിയ പ്രഖ്യാപനം. ഇത്തരക്കാര്‍ക്ക് നാല് വര്‍ഷത്തേക്ക് നിക്ഷേപം ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഈ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിക്ഷേപതുകയുടെ 60 ശതമാനത്തിലധികം പിഴ ചുമത്തുമെന്നുമാണ് വിവരം.

വരുന്ന വാരം ഇതിനായി ആദായ നികുതി ആക്റ്റില്‍ ഭേദഗതി വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് സൂചന. നവംബര്‍ 8ന് ഉയര്‍ന്ന മൂല്യമുള്ള നോട്ട് അസാധുവാക്കിയ ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ക്കു മേല്‍ ചുമത്തുന്ന നികുതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തികൊണ്ട് നികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
പിന്‍വലിച്ച നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കുന്നതിനുള്ള കാലാവധി വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ അവസാനിച്ചിരുന്നു. ജന്‍ധന്‍ എക്കൗണ്ടുകളില്‍ മാത്രമായി 21,000 കോടി രൂപയാണ് ഇക്കാലയളവില്‍ എത്തിയത്. അതേസമയം പെട്രോള്‍ പമ്പുകള്‍, ഫാര്‍മസികള്‍, മൊബീല്‍ഫോണ്‍ റീചാര്‍ജ് സേവനങ്ങള്‍, സ്‌കൂള്‍ ഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അടുത്ത മാസം 15 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കുകള്‍ക്കു പുറമേ തപാല്‍ ഓഫീസുകളിലും വലിയ നിക്ഷേപം നടത്തിയവരുടെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് തേടുന്നുണ്ട്. വലിയ നിക്ഷേപം നടത്തിയവരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ബാങ്കുകള്‍ക്കും തപാല്‍ ഓഫീസുകള്‍ക്കും കത്ത് അയച്ചുതുടങ്ങി. ഒറ്റ ദിവസം അമ്പതിനായിരമോ അതില്‍ കൂടുതലോ തുക നിക്ഷേപിച്ചവരുടെ നിക്ഷേപവും ജീവിതനിലവാരവും പരിശോധിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ആകെ രണ്ടര ലക്ഷം രൂപ നിക്ഷേപിക്കുന്നവരെയും നിരീക്ഷിക്കും. കറന്റ് എക്കൗണ്ടുകളില്‍ ആകെ പന്ത്രണ്ടര ലക്ഷമോ അതില്‍ കൂടുതലോ നിക്ഷേപിക്കുന്നവരെയും കൃത്യമായി പരിശോധിക്കുമെന്ന് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാങ്കുകളും തപാല്‍ ഓഫീസുകളും ഇടപാടുകളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങളും ആദായ നികുതി വകുപ്പിന് നല്‍കേണ്ടിവരും. അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ നിക്ഷേപിച്ചവരുടെ പാന്‍ വിശദാംശങ്ങള്‍ പല ബാങ്കുകളും ശേഖരിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് മനസിലാക്കുന്നത്.

ജനുവരി 31 ഓടെ ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജന്‍ ധന്‍ എക്കൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നിട്ടുള്ളത് പശ്ചിമ ബംഗാളിലാണ്.

Comments

comments

Categories: Slider, Top Stories