നോട്ട് പിന്‍വലിക്കല്‍: ജനഹിത പരിശോധന നടത്തണമെന്നു മായാവതി

നോട്ട് പിന്‍വലിക്കല്‍: ജനഹിത പരിശോധന നടത്തണമെന്നു മായാവതി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ തീരുമാനത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചതായി സര്‍വേ ഫലം തെളിയിച്ചെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം നുണയാണെന്നു ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു. ലോക്‌സഭ പിരിച്ചുവിട്ട് ജനഹിത പരിശോധന നടത്താന്‍ ധൈര്യമുണ്ടോയെന്നും മായാവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു.
പാര്‍ലമെന്റിന്റെ രണ്ട് സഭകളും സുഗമമായി പ്രവര്‍ത്തിക്കാത്തതിനു കാരണം പ്രധാനമന്ത്രി മോദിയാണ്. നോട്ട് അസാധുവാക്കിയ തീരുമാനം കള്ളപ്പണം തടയുന്നതിനു വേണ്ടിയാണെന്നു മോദി പറയുന്നു. അദ്ദേഹത്തിന്റെ ഉദ്യമം നല്ലതു തന്നെ. പക്ഷേ ഈ പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അദ്ദേഹം പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനഹിത പരിശോധന നടത്തണമെന്നും മായാവതി പറഞ്ഞു.
അതേസമയം നോട്ട് അസാധുവാക്കിയ തീരുമാനത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ വിമര്‍ശനവുമായി മോദി രംഗത്തുവന്നു. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതിനു മുന്‍പ് അറിയിപ്പ് നല്‍കാതിരുന്നതാണു പലരെയും പ്രകോപിപ്പിച്ചതെന്ന് മോദി വെള്ളിയാഴ്ച പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനുള്ള സാവകാശം ലഭിക്കാതിരുന്നതും വിമര്‍ശനത്തിനു കാരണമായതായി മോദി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവേയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.

Comments

comments

Categories: Politics

Related Articles