എന്തുകൊണ്ട് മന്‍മോഹന്റെ നിലപാടുകള്‍ പ്രസക്തമാകുന്നു

എന്തുകൊണ്ട് മന്‍മോഹന്റെ നിലപാടുകള്‍ പ്രസക്തമാകുന്നു

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഗതി മാറ്റിമറിച്ചതില്‍ ഡോ. മന്‍മോഹന്‍ സിംഗിന് വ്യക്തമായ പങ്കുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണറും ധനകാര്യമന്ത്രിയും പ്രധാനമന്ത്രിയും എല്ലാമായിരുന്ന അദ്ദേഹമാണ് ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ദിശ മാറ്റിയത്. ഏറെക്കുറെ അദ്ദേഹത്തിന്റെ നയങ്ങളുടെ പിന്തുടര്‍ച്ചയാണ് വിവിധ സര്‍ക്കാരുകള്‍ പിന്നീട് സ്വീകരിച്ചുവരുന്നത്. ഇന്ന് കാണുന്ന ജിഡിപി വളര്‍ച്ചയുടെ അടിത്തറ അതായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ തീരുമാനം ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ഒന്നാണെന്നാണ് പലരും വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഡോ. സിംഗിനെപ്പോലെ വൈദഗ്ധ്യം സിദ്ധിച്ച ഒരാള്‍ എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം അദ്ദേഹം ശ്രദ്ധേയമായ പ്രസംഗം നടത്തിയത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ സാമ്പത്തിക വിക്രയങ്ങളില്‍ നിന്ന് പിന്‍വലിച്ചുകൊണ്ടുള്ള നടപടി ചരിത്രപരമായ വീഴ്ച്ചയെന്നും സംഘടിതമായ കൊള്ളയടിക്കലെന്നുമെല്ലാമാണ് മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ജിഡിപിയില്‍ രണ്ടു ശതമാനത്തിന്റെ കുറവ് നോട്ട് അസാധുവാക്കല്‍ തീരുമാനം ഉണ്ടാക്കുമെന്നും കാര്‍ഷിക വളര്‍ച്ചയെ ഇത് കാര്യമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുകിട കച്ചവടക്കാരും സാധാരണക്കാരുമാണ് നോട്ട് പിന്‍വലിക്കലിന്റെ പരിണിത ഫലം അനുഭവിക്കുന്നത്. ബാങ്കില്‍ നിക്ഷേപിച്ചിട്ട് പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേര് പറയാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മോദി ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു.
രാജ്യത്തെ ബാങ്കിംഗ് ശൃംഖലകള്‍ പോലും സാച്ചുറേഷന്‍ പോയ്ന്റില്‍ എത്താത്ത ഒരു സമയത്ത് നോട്ട് നിരോധനം നടപ്പാക്കിയത് ശരിയായില്ല എന്നു തന്നെയാണ് ഫ്യൂച്ചര്‍ കേരള ഈ വിഷയത്തിന്റെ തുടക്കം മുതലേ സ്വീകരിക്കുന്ന നിലപാട്. സമ്പദ് വ്യവസ്ഥ പക്വത കൈവരിക്കുന്നതിന് അനുസരിച്ച് നടപ്പാക്കേണ്ട ഒരു പരിഷ്‌കരണം വളരെ നേരത്തെ നടത്തിയത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഒരു പരിഷ്‌കരണ തീരുമാനത്തിന്റെ പേരില്‍ രാജ്യത്തെ ഒരാള്‍ക്ക് പോലും ജീവന്‍ നഷ്ടമാകുന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. അവിടെ യുക്തിയില്ലാത്ത ദേശസ്‌നേഹത്തിനോ കള്ളപ്പണത്തിനെതിരെയുള്ള യുദ്ധത്തിനോ ഒന്നും പ്രസക്തിയില്ല. അതുകൊണ്ടു തന്നെ മന്‍മോഹന്‍ സിംഗിന്റെ വിലയിരുത്തലുകളെ പൂര്‍ണമായും പിന്താങ്ങുന്ന നിലപാടാണ് ഫ്യൂച്ചര്‍ കേരള സ്വീകരിക്കുന്നത്. നിലവിലെ ഒരു ആവാസ വ്യവസ്ഥയില്‍ നിന്നും സമ്പദ് രംഗം പുതിയൊരു ആവാസ വ്യവസ്ഥയിലേക്ക് കടക്കുമ്പോള്‍ ഒരു ട്രാന്‍സിഷന്‍ പിരീഡ് ഉണ്ട്. അത് എത്രമാത്രം സുഗമമായി നടപ്പാക്കാന്‍ സാധിക്കുന്നുവോ അതാണ് ഒരു ഭരണ സംവിധാനത്തിന്റെ വിജയം. പൊടുന്നനെ നോട്ടുകള്‍ അങ്ങ് നിരോധിച്ച് ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടിയിരുന്നത്. പണരഹിത സമ്പദ് വ്യവസ്ഥ തന്നെയായിരിക്കണം നമ്മുടെ ലക്ഷ്യം. അതിന് വേണ്ടുന്ന ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലാകണം കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത്. നോട്ടുകള്‍ അസാധുവാക്കാനുള്ള പദ്ധതി മോദിക്കുണ്ടായിരുന്നെങ്കില്‍ രഹസ്യമായി തന്നെ അതിനുള്ള മുന്നൊരുക്കങ്ങള്‍ ചുരുങ്ങിയത് ഒന്നര വര്‍ഷം മുമ്പെങ്കിലും തുടങ്ങാമായിരുന്നു.

പ്രധാനമന്ത്രിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാതെ തന്നെ പറയട്ടെ, ഇനിയെങ്കിലും ഇത്തരത്തിലുള്ള നല്ല തീരുമാനങ്ങള്‍ ആവിഷ്‌കരിക്കുന്നത് വ്യക്തമായ കര്‍മ പദ്ധതിയുടെ അടിസ്ഥാനത്തില്‍ മാത്രമാകണം. ദൈനംദിന ഇടപാടുകള്‍ സുഗമമാക്കുന്നതിനാവശ്യമുള്ള പണത്തിന്റെ വിതരണം എത്രയും പെട്ടെന്ന് സുഗമമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Editorial