നോട്ട് നിരോധനം ഭവന വായ്പ നിരക്കിലും ഭൂമി വിലയിലും മാറ്റമുണ്ടാക്കും: ക്രെഡായ്

നോട്ട് നിരോധനം ഭവന വായ്പ നിരക്കിലും ഭൂമി വിലയിലും മാറ്റമുണ്ടാക്കും: ക്രെഡായ്

കൊച്ചി: അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകളുടെ നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യവസായ മേഖലയ്ക്ക് ഗുണകരമാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് ഓഫ് ഇന്ത്യ (ക്രെഡായ്). നോട്ട് നിരോധനത്തിന്റെ ഫലമായി ഭവനവായ്പാ നിരക്കിലും ഭൂമി വിലയിലും ഉണ്ടാകാന്‍ പോകുന്ന കുറവ് റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തില്‍ ഗുണപരമായ പ്രതിഫലനമുണ്ടാക്കുമെന്ന് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ കെ വി ഹസീബ് അഹമ്മദും സെക്രട്ടറി ജനറല്‍ ഡോ. നജീബ് സക്കറിയയും പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ ഫലമായി ഭവനവായ്പാ നിരക്കില്‍ രണ്ടു ശതമാനത്തിന്റെ കുറവു സംഭവിക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള ഒമ്പത് ശതമാനത്തില്‍ നിന്ന് വൈകാതെ എട്ട് ശതമാനവും പിന്നീട് ഏഴ് ശതമാനവുമായി ഭവനവായ്പാ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമി വിലയിലും ഗണ്യമായ കുറവുണ്ടാകും. ഇതോടൊപ്പം ഏപ്രില്‍ മാസത്തല്‍ ചരക്കുസേവന നികുതി (ജി എസ് ടി) കൂടി നിലവില്‍ വരുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യം ഉരുത്തിരിയുമെന്ന് ഹസീബ് അഹമ്മദ് വ്യക്തമാക്കി.

പുതിയ പ്രോജക്ടുകളുടെ എണ്ണത്തില്‍ കുറവു വരുന്നതും പൂര്‍ത്തിയാക്കിയവയുടെ എണ്ണം മാര്‍ക്കറ്റില്‍ ആവശ്യമുള്ളതിനേക്കാള്‍ കുറവാകുന്നതും മൂലം ഭാവിയില്‍ അപാര്‍ട്ട്‌മെന്റുകളുടെ നിരക്കുകള്‍ ഇപ്പോഴത്തേക്കാളും വര്‍ധിക്കാനാണ് സാധ്യതയെന്ന് ഡോ.നജീബ് സക്കറിയ വ്യക്തമാക്കി. കൂലി നിരക്കിലും നിര്‍മാണ സാമഗ്രികളുടെ വിലയിലും കുറവു സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മൊത്തത്തിലുള്ള നിര്‍മാണ ചെലവില്‍ കുറവുണ്ടാകില്ല. നോട്ട് ക്ഷാമം തൊഴിലാളികള്‍ക്കു കൂലി നല്‍കുന്നതിനെ മാത്രമാണ് ഉടനടി ബാധിക്കുക. ഇതിന്റെ പ്രത്യാഘാതം താല്‍ക്കാലികമായിരിക്കും. കള്ളപ്പണം ഈ മേഖലയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories