നോട്ട് അസാധുവാക്കല്‍: ഇ-പെയ്‌മെന്റ് സംവിധാനവുമായി വാഹന നിര്‍മാതാക്കള്‍

നോട്ട് അസാധുവാക്കല്‍: ഇ-പെയ്‌മെന്റ് സംവിധാനവുമായി വാഹന നിര്‍മാതാക്കള്‍

 

ന്യൂഡെല്‍ഹി: അപ്രതീക്ഷിത നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ തിരിച്ചടി നേരിട്ട വാഹന നിര്‍മാതാക്കള്‍ പണമിടപാടുകള്‍ക്ക് നൂതന സംവിധാനവുമായി രംഗത്ത്. നിസാന്‍, റെനോ, ഹോണ്ട എന്നീ കമ്പനികളാണ് ഉപഭോക്താക്കള്‍ക്ക് പണമിടപാടുകള്‍ക്ക് ഇ പെയ്മന്റ് സൗകര്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രമുഖ ബാങ്കുകളുമായും ഇ-വാലറ്റ് കമ്പനികളുമായും ചേര്‍ന്നാണ് കമ്പനികള്‍ ഇത്തരം സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാഹനം സ്വന്തമാക്കുന്നതിനുള്ള മുഴുവന്‍ തുകയും വായ്പയായും, പണം ഡിജിറ്റല്‍ രൂപത്തില്‍ കൈമാറ്റം ചെയ്യാനും ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ ഇതിലൂടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഫ്രഞ്ച് കമ്പനി റെനോ തങ്ങളുടെ വാഹനം സ്വന്തമാക്കുന്നതിനും വില്‍പ്പനാനന്തര സേവനത്തിനും കാഷ്‌ലെസ് ഇടപാടുകള്‍ നടത്താമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പെടിഎം, എച്ച്ഡിഎഫ്‌സി പെസാപ്പ് എന്നീ ഇ വാലറ്റുകള്‍ വഴി ക്വിഡ്, ഡസ്റ്റര്‍ എന്നിവ ബുക്ക് ചെയ്യാന്‍ സാധിക്കും.
പണം അസാധുവാക്കിയതോടെ മറ്റു മേഖലകളില്‍ നിന്നും സമാനമായി രാജ്യത്തെ വാഹന വിപണിയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ റെക്കോഡ് കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ വില്‍പ്പനക്കുറവ് കുറഞ്ഞ സമയത്ത് മാത്രമായിരിക്കുമുണ്ടാവുക എന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വില്‍പ്പനയില്‍ വര്‍ധന വരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ ഡിജിറ്റല്‍ രൂപത്തിലുള്ള പണമിടപാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.
കാഷ്‌ലെസ് ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി മുന്‍ഗണന നല്‍കുന്ന കമ്പനിയാണ് റെനോ. കമ്പനിയുടെ എല്ലാ മോഡല്‍ വാഹനങ്ങള്‍ക്കും നൂറ് ശതമാനം റോഡ് ഫണ്ടിംഗ് നല്‍കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആഫ്റ്റര്‍ സെയ്ല്‍ സേവനങ്ങള്‍ക്ക് ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, ഇ-വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും റെനോ സ്വീകരിക്കും. ഇത്തരത്തിലുള്ള എല്ലാ ഇടപാടുകള്‍ക്കും പ്രത്യേക ചാര്‍ജ് ഈടാക്കുകയില്ലെന്നും കമ്പനി അറിയിച്ചു.
എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസിഐ എന്നീ ബാങ്കുകളുമായി ചേര്‍ന്നാണ് ജപ്പാന്‍ കമ്പനി ഹോണ്ട ഇന്ത്യയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments