റിലയന്‍സിന്റെ ടിവി ബിസിനസ് സീ ഗ്രൂപ്പിന് കൈമാറും

റിലയന്‍സിന്റെ ടിവി ബിസിനസ് സീ ഗ്രൂപ്പിന് കൈമാറും

 

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് തങ്ങളുടെ റേഡിയോ ബിസിനസിന്റെ 49 ശതമാനം ഓഹരികളും, ടിവി ബിസിനസും സീ ഗ്രൂപ്പിന് വില്‍ക്കാനൊരുങ്ങുന്നു. 1,900 കോടി രൂപയുടെ കടബാധ്യത തീര്‍ക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. റേഡിയോ പ്രക്ഷേപണ ഓഹരികള്‍ സീ ഗ്രൂപ്പിന് വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചതായി റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് (ആര്‍ബിഎന്‍എല്‍) അറിയിച്ചു. സീ ഗ്രൂപ്പിനു കീഴിലുള്ള സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡായിരിക്കും റിലയന്‍സിന്റെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ടിവി ബിസിനസ് ഏറ്റെടുക്കുക.

1,900 കോടി രൂപയുടെ കടബാധ്യത തീര്‍ക്കുന്നതിന് ഈ കൈമാറ്റം സഹായിക്കുമെന്ന് അനില്‍ അംബാനി ഗ്രൂപ്പ് വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ ഇടപാട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 1.14 ട്രില്യണ്‍ രൂപയാണ് റിലയന്‍സ് ഗ്രൂപ്പിന്റെ ബാധ്യത കണക്കാക്കിയിരുന്നത്.

റേഡിയോ ബിസിനസ് ഓഹരികള്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചതായി കഴിഞ്ഞ ജനുവരിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ട് റിലയന്‍സിന് വേണ്ട ഉപദേശങ്ങള്‍ നല്‍കിയത് കണ്‍സള്‍ട്ടിംഗ് സംരംഭമായ ഇവൈയാണ്. തങ്ങളുടെ മുഖ്യ ബിസിനസിനു പുറത്തുള്ള മീഡിയ എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ സാന്നിധ്യം കുറച്ച് റിലയന്‍സി കാപിറ്റലിനു കീഴിലുള്ള ബാധ്യത വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇടപാടെന്ന് റിലയന്‍സ് കാപിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സാം ഗോഷ് പറഞ്ഞു. റിലയന്‍സിന്റെ റേഡിയോ, ടിവി ബിസിനസുകള്‍ സ്വന്തമാക്കുന്നതോടെ തങ്ങളുട നിലവിലെ ബിസിനസിന് ഇത് മുതല്‍കൂട്ടാകുമെന്നും ഇതിലൂടെ വളര്‍ച്ച കൈവരിക്കാനാകുമെന്നും സീ മീഡിയ വൃത്തങ്ങള്‍ പ്രതികരിച്ചു.

പതിനൊന്ന് വാര്‍ത്താ ചാനലുകളും 59 റോഡിയോ സ്‌റ്റേഷനുകളുമായി നിലവില്‍ വിജയകരമായി ജൈത്രയാത്ര തുടരുന്ന സീ ഗ്രൂപ്പിന് റിലയന്‍സുമായുള്ള ബിസിനസ് സഹകരണത്തിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകുമെന്നു സീ മീഡിയ കോര്‍പ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജീവ് സിംഗ് പറഞ്ഞു. ഈ കരാറിലൂടെ സീ ഗ്രൂപ്പിന് കൂടുതല്‍ പ്രാദേശിക ഭാഷാ ചാനലുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം.

ബോജ്പുരി വിപണിയില്‍ സാന്നിധ്യമില്ലാത്ത സീ ഗ്രൂപ്പിന് റിലയന്‍സിന്റെ ബിഗ് ഗംഗാ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ ബോജ്പുരി വിപണിയിലേക്ക് കടക്കുന്നതിന് അവസരം നല്‍കും. മുന്‍പ് ഒരു ഒഡിയ ചാനല്‍ സീ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. തമിഴ്‌നാട്ടിലും സീ ഗ്രൂപ്പ് കൂടുതല്‍ റേറ്റിംഗ് നോടുകയാണ്. ഇത്തരത്തില്‍ പുതിയ വിപണികളിലേക്കുള്ള രംഗപ്രവേശനത്തിന് ഇതൊരു ബുദ്ധിപരമായ നീക്കമായിരിക്കുമെന്നും കേരള മാധ്യമ വിപണിയിലെത്തുന്നതിനും സീ ഗ്രൂപ്പിന് ഇത്തരം നീക്കങ്ങളിലൂടെ സാധിക്കുമെന്നും ആഡല്‍വെയ്‌സ് സെക്യൂരിറ്റീസ് ലിമിറ്റഡ് അനലിസ്റ്റ് അബ്‌നീഷ് റോയ് പറഞ്ഞു.

Comments

comments

Categories: Branding