ഹൈബ്രിഡ് കാര്‍ വില്‍പ്പനയില്‍ വര്‍ധന പ്രതീക്ഷിച്ച് ടൊയോട്ട

ഹൈബ്രിഡ് കാര്‍ വില്‍പ്പനയില്‍  വര്‍ധന പ്രതീക്ഷിച്ച് ടൊയോട്ട

 

ന്യൂഡെല്‍ഹി: 2020 ഓടെ ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളുടെ മൊത്തം വില്‍പ്പനയില്‍ 20 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നെന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍.
കമ്പനി നിലവില്‍ കാമ്‌റി ഹൈബ്രിഡ് കാറുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്. ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ മാതൃകയിലെ കോറോള, പ്രിയസ് സെഡാന്‍ പോലുള്ളവ അവതരിപ്പിക്കാനും ആലോചിക്കുന്നു. സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളും മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളും പുറത്തിറക്കാന്‍ കമ്പനിക്ക് കഴിഞ്ഞെന്ന് ടൊയോട്ടയുടെ ഇന്ത്യന്‍ ബിസിനസ് മാനേജിംഗ് ഡയറക്റ്ററായ അകിതോ തച്ചിബാന പറഞ്ഞു.
കുറഞ്ഞ ചെലവിലുള്ള കാറുകളുടെ നിര്‍മാണ യൂണിറ്റ് തുടങ്ങാനും കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയെ പോലെ വളര്‍ന്നുവരുന്ന വിപണിയില്‍ ശുദ്ധിയുള്ള ഇന്ധന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വാഹനങ്ങള്‍ വികസിപ്പിക്കുമെന്ന് തച്ചിബാന്‍ സൂചിപ്പിച്ചു.
ഹൈബ്രിഡ് വാഹനങ്ങളുടെ നിര്‍മാണ ചെലവ് കണക്കാക്കിയാല്‍ ഇന്ത്യയില്‍ ആദ്യമായി കാര്‍ വാങ്ങുന്ന ഭൂരിഭാഗം പേര്‍ക്കും അവ സ്വന്തമാക്കാനാവില്ല. ഉദാഹരണത്തിന് ടൊയോട്ടയുടെ കാമ്‌റി ഹൈബ്രിഡിന്റെ വില 47,932 ഡോളറിലാണ് തുടങ്ങുന്നത്. ഹൈബ്രിഡ് കാറുകളുടെ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ അവശ്യ ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൂടുതലായി കണ്ടെത്താന്‍ ശ്രമിക്കുമെന്ന് തച്ചിബാന പറഞ്ഞു.
രാജ്യത്തെ നഗരങ്ങളില്‍ വായു മലിനീകരണം ഉയര്‍ന്ന അളവിലെത്താന്‍ പ്രധാന കാരണം വാഹനങ്ങളാണെന്നാണ് മുഖ്യ വിമര്‍ശനം. വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഈ മാസമാദ്യം ന്യൂഡെല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും നിര്‍മാണ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയുമുണ്ടായി. കൂടാതെ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കുകയും ചെയ്തു. ഇതുമൂലം രണ്ട് ലക്ഷം കാറുകളെ നഗരത്തിലെ റോഡുകളില്‍ നിന്ന് ഒഴിവാക്കാനായി. 2015ല്‍ രാജ്യതലസ്ഥാനത്തെ ഡീസല്‍ കാറുകളുടെ വില്‍പ്പന സുപ്രീംകോടതി നിരോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടൊയോട്ടയുടെ പദ്ധതിക്ക് ഏറെ പ്രസക്തിയുണ്ട്.

Comments

comments

Categories: Auto