വിറ്റിഫീഡ്; വമ്പന്‍മാരെ പേടിപ്പിച്ച കുഞ്ഞന്‍ മീഡിയ സ്റ്റാര്‍ട്ടപ്പ്

വിറ്റിഫീഡ്; വമ്പന്‍മാരെ പേടിപ്പിച്ച കുഞ്ഞന്‍ മീഡിയ സ്റ്റാര്‍ട്ടപ്പ്

കണ്ടന്റ് റൈറ്റേഴ്‌സ്, വായനക്കാര്‍, പ്രസാധകര്‍ എന്നിവര്‍ക്കായുള്ള ഇന്ത്യന്‍ വെബ്‌സൈറ്റായ വിറ്റിഫീഡ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള രണ്ടാമത്തെ വൈറല്‍ കണ്ടന്റ് വെബ്‌സൈറ്റായി മാറിയിരിക്കുകയാണ്. സഹോദരന്‍മാരായ വിനയ് സിംഗള്‍, പര്‍വീണ്‍ സിഗള്‍ എന്നിവരും അവരുടെ സുഹൃത്തായ ശശാങ്ക് വൈഷ്ണവുമാണ് ഈ മീഡിയ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍. ചെന്നൈ എസ്ആര്‍എം യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് പഠിക്കുന്ന സമയത്ത് 2010 ഏപ്രിലില്‍ ഇവര്‍ ‘അമേസിംഗ് തിങ്ക്‌സ് ഇന്‍ ദ വേള്‍ഡ് എന്ന വെബ് പേജ്’ ആരംഭിച്ചിരുന്നു. രണ്ടു വര്‍ഷത്തിനകം ദശലക്ഷകണക്കിന് ഫോളോവേഴ്‌സിനെയാണ് വെബ് പേജ് സ്വന്തമാക്കിയത്. 2011 ജൂലൈയില്‍ വത്സന ടെക്‌നോളജീസ് എന്ന സ്വന്തം കമ്പനി അവര്‍ സ്ഥാപിച്ചു. 2013 മധ്യത്തോടെ വെബ്‌സൈറ്റുകളിലെ സന്ദര്‍ശകരുടെ നമ്പറുകള്‍ കണ്ടെത്താന്‍ കഴിയുന്ന evrytsry.com എന്ന ആദ്യ വെബ്‌സൈറ്റ് അവര്‍ നിര്‍മ്മിച്ചു. രണ്ടു ദശലക്ഷത്തിലധികം സന്ദര്‍ശകരുള്ള വെബ്‌സൈറ്റില്‍ ഗൂഗിളിന്റെ ആഡ്‌സെന്‍സ് അവര്‍ ഉള്‍പ്പെടുത്തി. കൂടുതല്‍ പേര്‍ കയറുന്ന വെബ്‌സൈറ്റുകളില്‍ പരസ്യങ്ങള്‍ നല്‍കി വരുമാനമുണ്ടാക്കാവുന്ന ഓപ്ഷനാണ് ആഡ്‌സെന്‍സ് നല്‍കുന്നത്.

ധാരാളം വെബ്‌സൈറ്റുകളും അവയ്ക്ക് നിരവധി സന്ദര്‍ശകരുമുണ്ടെങ്കിലും ഉള്ളടക്കങ്ങള്‍ പ്രത്യേകിച്ച് യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ കുറവാണെന്ന തിരിച്ചറിവില്‍ നിന്നാണ് 2014 സെപ്റ്റംബറില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വിറ്റിഫീഡ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സ്‌പോര്‍ട്‌സ്, ന്യൂസ്, ഫാഷന്‍, ലൈഫ്‌സ്റ്റെല്‍, ഹെല്‍ത്ത്, ഫിറ്റ്‌നസ് തുടങ്ങിയ വിഭാഗത്തിലെ വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവ വിവിധ ബ്രാന്‍ഡുകള്‍ക്ക് അവര്‍ ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളില്‍ എത്തിച്ചേരുന്നതിന് സഹായിക്കുന്നുണ്ട്.

20,000 രൂപയാണ് ആദ്യ സംരംഭത്തിനായി സ്ഥാപകര്‍ മുടക്കിയത്. ഇന്ന് യുഎസിലെ ഏറ്റവുമധികം വായനക്കാരുള്ള 75 വെബ്‌സൈറ്റുകളുടെ പട്ടികയിലും യുകെയിലെ 25 വെബ്‌സൈറ്റുകളുടെ പട്ടികയിലും വിറ്റിഫീഡ് ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26 കോടി രൂപയുടെ വരുമാനമാണ് സ്റ്റാര്‍ട്ടപ്പ് നേടിയത്. അടുത്ത സാമ്പത്തിക വര്‍ഷം 50 കോടി വരുമാനം ലക്ഷ്യമിടുന്ന സ്ഥാപനം വെബ് ട്രാഫിക്ക് കൂടിയ യുഎസ് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Branding