ബജറ്റ് ഹൗസിംഗ്: 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഷപൂര്‍ജി റിയല്‍ എസ്‌റ്റേറ്റ് കമ്പനി പദ്ധതിയിടുന്നു

ബജറ്റ് ഹൗസിംഗ്:  100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഷപൂര്‍ജി റിയല്‍ എസ്‌റ്റേറ്റ് കമ്പനി പദ്ധതിയിടുന്നു

 

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷപൂര്‍ജി പല്ലോന്‍ജി റിയല്‍ എസ്‌റ്റേറ്റ് കമ്പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 750 കോടി രൂപ മുതല്‍ മുടക്കി 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ബജറ്റ് ഹൗസിംഗ് ബിസിനസ് വിപുലീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. പദ്ധതി നടത്തിപ്പിനു വേണ്ടി രണ്ട് ഭൂമിയിടപാടുകള്‍ പൂര്‍ത്തിയാക്കിയതായും കമ്പനി അറിയിച്ചു.

മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമായി 15-25 ഏക്കര്‍ സ്ഥലമാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ 15 ഏക്കര്‍ ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 12 മില്യണ്‍ ചതുരശ്രയടിയില്‍ ബജറ്റ് ഹൗസിംഗ് പദ്ധതി വികസിപ്പിക്കുന്നതിന് 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഇതിനു വേണ്ടി ആകെ 750 കോടി രൂപയുടെ നിക്ഷേപം വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും ഷപൂര്‍ജി പല്ലോന്‍ജി റിയല്‍ എസ്‌റ്റേറ്റ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും എക്‌സിക്യൂട്ടിവ് ഉപാധ്യക്ഷനുമായ വെങ്കടേഷ് ഗോപാല്‍കൃഷ്ണന്‍ പറഞ്ഞു.

കമ്പനിയുടെ രണ്ടാമത്തെ ബജറ്റ് ഹൗസിംഗ് പ്രൊജക്റ്റ് മുംബൈയില്‍ അടുത്തമാസം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 35 ഏക്കറിലായുള്ള മൂന്നാമത്തെ പ്രൊജക്ടിന് പൂനെയിലെ ഹിന്‍ജെവാഡിയില്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. 3,300 ഹൗസിംഗ് യൂണിറ്റുകള്‍ ഉള്‍പ്പെട്ടതാണ് ഈ രണ്ട് പദ്ധതികളും. ജോയ്‌വില്ലെ ബ്രാന്‍ഡിനു കീഴിലുള്ള കമ്പനിയുടെ ആദ്യ പ്രൊജക്റ്റ് ഈ വര്‍ഷമാദ്യം കൊല്‍ക്കത്തയിലെ ഹൗറയില്‍ ആരംഭിച്ചതായും വെങ്കടേഷ് ഗോപാല്‍കൃഷ്ണന്‍ പറഞ്ഞു. മൂപ്പത് ഏക്കറില്‍ 3,000 ഹൗസിംഗ് യൂണിറ്റുകള്‍ ഉള്‍പ്പെട്ടതാണ് ഹൗറ പ്രൊജക്റ്റ്. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നോട്ട് നിരോധനം ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളെ ബാധിക്കില്ലെന്നും വരും മാസങ്ങളില്‍ താത്കാലികമായ വില്‍പ്പന തകര്‍ച്ച റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടാകുമെങ്കിലും കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വെങ്കടേഷ് ഗോപാല്‍കൃഷ്ണന്‍ പ്രതികരിച്ചു.

Comments

comments

Categories: Branding