നോട്ട് അസാധുവാക്കലിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിപരിശോധിക്കും

നോട്ട് അസാധുവാക്കലിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിപരിശോധിക്കും

ന്യൂഡെല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും ജനങ്ങളുടെ ദുരിതം പരിശോധിക്കുമെന്നും സുപ്രീം കോടതി പ്രസ്താവിച്ചു. എന്നാല്‍ നോട്ട് അസാധുവാക്കലിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ 2ലേക്ക് മാറ്റിവെക്കാനുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാരിന് ആശ്വാസത്തിന് വക നല്‍കി.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ വിശദമായ വാദം വേണമെന്ന് നിരീക്ഷിച്ച കോടതി അടുത്ത വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. കേസില്‍ ഹാജരായ കപില്‍ സിബലും സര്‍ക്കാരിനായി ഹാജരായ അറ്റോര്‍ണി ജനറലും തമ്മില്‍ ശക്തമായ വാദമാണ് കോടതിയില്‍ നടന്നത്. നോട്ട് അസാധുവാക്കിയതിനെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന് വാദിച്ച കപില്‍ സിബല്‍ സര്‍ക്കാര്‍ തീരുമാനം ഭരണഘടനാപരമായി സാധുത ഇല്ലാത്തതാണെന്നും വാദിച്ചു.
നിലവില്‍ 24 പൊതു താല്‍പ്പര്യ ഹര്‍ജികളാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇത് ഹര്‍ജിക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അതതു ഹൈക്കോടതികളില്‍ തന്നെ പരിഗണിക്കണമോ, അതോ ഡെല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണമോ എന്ന കാര്യത്തിലും ഡിസംബര്‍ 2 ന് സുപ്രീംകോടതി തീരുമാനമെടുക്കും.

Comments

comments

Categories: Slider, Top Stories