സമ്പന്നര്‍ വളരുന്ന ഇന്ത്യ

സമ്പന്നര്‍ വളരുന്ന ഇന്ത്യ

രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 58.4 ശതമാനം കൈയാളുന്നത് കേവലം ഒരു ശതമാനം വരുന്ന സമ്പന്നരാണെന്നത് വലിയ അസമത്വത്തിന്റെ സൂചനകളാണ് നല്‍കുന്നത്. ആഗോള ധനകാര്യ സേവന കമ്പനിയായ ക്രെഡിറ്റ് സ്യൂസ്സെ ഗ്രൂപ്പിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് സമ്പത്തിന്റെ അസമത്വത്തെ സംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍. കഴിഞ്ഞ വര്‍ഷം സമ്പത്തിന്റെ 53 ശതമാനമായിരുന്നു ഒരു ശതമാനം വരുന്ന ധനികര്‍ കൈവശം വെച്ചിരുന്നത്. 2014ല്‍ ഇത് 49 ശതമാനമായിരുന്നു; 2010ല്‍ ഇത് 40.3 ശതമാനവും. വര്‍ഷാവര്‍ഷം തോറും സമ്പന്നര്‍ കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കുന്നതായാണ് കണ്ടുവരുന്നത്. അതില്‍ യാതൊരുവിധ തെറ്റുമില്ല. കൂടുതല്‍ സമ്പത്ത് ഉണ്ടാക്കുക എന്നതു തന്നെയായിരിക്കണം ബിസിനസിന്റെയും ജീവിതത്തിന്റെയും ലക്ഷ്യം. എന്നാല്‍ ഈ സമ്പത്ത് ചുരുക്കം ചിലരില്‍ കേന്ദ്രീകരിക്കുന്നത് നമ്മുടെ വളര്‍ച്ചയുടെ പ്രശ്‌നമാണ്.

വികേന്ദ്രീകൃതമല്ല വളര്‍ച്ചയെങ്കില്‍ അത് സമൂഹത്തെ കടുത്ത അസമത്വത്തിലേക്കായിരിക്കും തള്ളിവിടുക. അതിസമ്പന്നര്‍ക്ക് അവരുടെ സമ്പത്ത് വേഗത്തില്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യങ്ങളാണ് രാജ്യത്തുള്ളതെന്ന് ഇത് കാണിക്കുന്നതായാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. സമ്പന്നരായ 10 ശതമാനത്തിന്റെ കൈയിലാണ് രാജ്യത്തിന്റെ 80.7 ശതമാനം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലും മുകളില്‍ പറഞ്ഞ വാദത്തിന് ശക്തി പകരുന്നു. ഇന്ത്യയില്‍ ഏത് സര്‍ക്കാര്‍ വന്നാലും ഈ ട്രെന്‍ഡിന് മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടിലെ നിരീക്ഷണം. തുല്യതയില്ലാത്ത സമൂഹങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുണ്ടെന്നത് നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന രാമരാജ്യത്തിന് ഭൂഷണമല്ല. മറ്റ് ചില രാജ്യങ്ങളുടെ കണക്കുകള്‍ കൂടി നോക്കുക. സമ്പന്നരായ ഒരു ശതമാനമാണ് ചൈനയുടെ 43.8 ശതമാനം സമ്പത്തും കൈയാളുന്നത്. ഇന്തോനേഷ്യയില്‍ ഇത് 49.3 ശതമാനം വരും. ബ്രസീലില്‍ 47.9 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 41.9 ശതമാനവുമാണ്. എല്ലാവരെയും കടത്തിവെട്ടിയിരിക്കുന്നത് റഷ്യയാണ്. അവിടത്തെ സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈയിലാണ് 74.5 ശതമാനം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത്.

Comments

comments

Categories: Editorial