പണപ്രതിസന്ധി: നാല് ലക്ഷം പേരുടെ തൊഴില്‍ പ്രതിസന്ധിയില്‍

പണപ്രതിസന്ധി:  നാല് ലക്ഷം പേരുടെ തൊഴില്‍ പ്രതിസന്ധിയില്‍

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നാല് ലക്ഷത്തോളം പേരുടെ തൊഴില്‍ നേരിട്ട് പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. 1000 രൂപ, 500 രൂപ നോട്ടുകള്‍ അസാധുവാക്കി 16 ദിവസം പിന്നിടുമ്പോള്‍ തന്നെ വ്യാവസായിക മേഖലയില്‍ താത്കലിക തൊഴില്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്‌സ്റ്റൈല്‍സ്, ഗാര്‍മെന്റ്‌സ്, ജുവല്‍റി, ലെതര്‍ തുടങ്ങി തൊഴിലാളികള്‍ കൂടുതലായി ആവശ്യമുള്ള മേഖലകളിലെ തൊഴിലാളികളെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വലിയ രീതിയില്‍ ബാധിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. ഇതില്‍ ഭൂരിപക്ഷവും ദിവസ വേതനത്തിന് തൊഴിലെടുക്കുന്നവരാണ്.

ടെക്‌സ്റ്റൈല്‍സ് രംഗത്ത് തൊഴിലെടുക്കുന്ന 32 മില്യണ്‍ തൊഴിലാളികളില്‍ (ദിവസ വേതനക്കാരോ, പ്രതിവാരം വേതനം ലഭിക്കുന്നവരോ ആയ ജീവനക്കാര്‍) അഞ്ചിലൊരാള ഈ പ്രതിസന്ധി നേരിട്ടു ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പലര്‍ക്കും ഇതിനകം തൊഴില്‍ നഷ്ടമായി കഴിഞ്ഞു. തിരുപ്പൂര്‍ പോലെ വസ്ത്ര നിര്‍മാണ മേഖലയിലെ പ്രമുഖമായ പ്രദേശങ്ങളില്‍ പോലും ഭൂരിഭാഗം വരുന്ന ജീവനക്കാര്‍ക്ക് ബാങ്ക് എക്കൗണ്ടില്ല. ഇവിടത്തെ തൊഴിലാളികളില്‍ 70 ശതമാനത്തോളം ആളുകളും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും കുടിയേറിയിട്ടുള്ളവരാണ്.

ലെതര്‍ മേഖലയിലെ 2.5 ലക്ഷത്തോളം വരുന്ന ദിവസ വേതനക്കാരെയും ഈ സാഹചര്യം ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. ജുവല്‍റി രംഗത്ത് ദിവസ വേതനത്തിന് തൊഴിലെടുക്കുന്ന 15-20 ശതമാനത്തോളം ആളുകള്‍ തൊഴില്‍ ക്ഷാമം നേരിടുമെന്നാണ് വിവരം. ഷൂ നിര്‍മാണ രംഗത്ത് പ്രസിദ്ധി നേടിയ ആഗ്രയില്‍ ഏകദേശം രണ്ടര ലക്ഷത്തിനടുത്ത് ദിവസവേതന തൊഴിലാളികളാണുള്ളത്. ഇവര്‍ക്ക് പണമായി വേതനം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ബാങ്ക് എക്കൗണ്ട് ഇല്ല. ഫിറോസാബാദിലെ 300 ഗ്ലാസ് ഫാക്റ്ററികളില്‍ 90 എണ്ണവും മിക്ക വള നിര്‍മാണ യൂണിറ്റുകളും ഇതിനോടകം അടച്ചിട്ടു കഴിഞ്ഞു. ഇത്തരത്തില്‍ സംസ്ഥാനത്തെ ചെറുകിട യൂണിറ്റുകളില്‍ സംഭവിക്കുന്ന വലിയതോതിലുള്ള തൊഴില്‍ നഷ്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ജീവനക്കാര്‍ക്ക് വേതനം ലഭ്യമാക്കുന്നതിന് നിയന്ത്രണങ്ങളില്‍ അയവു വരുത്തണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ബാങ്ക് എക്കൗണ്ടുള്ള തൊഴിലാളികളില്‍ തന്നെ പലരും നിക്ഷേപം 50,000 രൂപയ്ക്ക് മുകളില്‍ പോകുമെന്ന് പേടിച്ച് ബാങ്ക് വഴി വേതനം കൈപറ്റാന്‍ തയാറാകുന്നില്ലെന്നതാണ് രസകരമായ വസ്തുതയെന്ന് എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രവി സെയ്ഗാള്‍ പറയുന്നു. ബാങ്ക് നിക്ഷേപം 50,000നു മുകളിലേക്ക് പോയാല്‍ ഇപ്പോള്‍ ലഭിക്കുന്ന ബിപിഎല്‍ ആനൂകൂല്യം ഉള്‍പ്പെടെയുള്ള സബ്‌സിഡികളില്‍ നിന്നും ഒഴിവാക്കപ്പെടുമോ എന്ന പേടിയാണ് പലര്‍ക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

നോട്ട് നിരോധനം ഉല്‍പ്പാദന മേഖലയില്‍ ഇടിവുണ്ടാക്കിയെന്ന് വിവിധ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലുകള്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമനുമായി തിങ്കളാഴ്ച്ച നടന്ന കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഈ മേഖലയിലെ നിലവിലെ സ്ഥിതി ഉത്കണ്ഠാജനകമാണെന്നും ഇതിനോടകം തന്നെ നിരവധി ഫാക്റ്ററികള്‍ നോട്ട് പിന്‍വലിക്കുന്നതിനു മുന്‍പുള്ള ഉല്‍പ്പാദന ശേഷിയുടെ പകുതിയോളം വെട്ടികുറച്ചതായും വ്യാവസായിക രംഗത്തുനിന്നുള്ള എക്‌സിക്യൂട്ടീവുകള്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

Comments

comments

Categories: Slider, Top Stories