നിക്കി ഹാലേയുടെ നിയമനം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് സാധ്യത വര്‍ധിപ്പിക്കുമോ ?

നിക്കി ഹാലേയുടെ നിയമനം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് സാധ്യത വര്‍ധിപ്പിക്കുമോ ?

ഇന്ത്യന്‍ വംശജയായ നിക്കി ഹാലേയെ യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായി ട്രംപ് നിര്‍ദേശിച്ചത് ഇന്ത്യന്‍ സമൂഹത്തിനു സന്തോഷിക്കാന്‍ വക നല്‍കുന്ന ഒന്നായിട്ടാണു കണക്കാക്കുന്നത്. യുഎസ് ഭരണതലത്തില്‍ ക്യാബിനറ്റ് റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ എന്ന വിശേഷണത്തിനു കൂടി നിക്കി അര്‍ഹയായിരിക്കുകയാണ്. അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ ഇരു സഭകളിലൊന്നായ സെനറ്റിന്റെ അംഗീകാരം മാത്രമാണു ഇനി അവശേഷിക്കുന്നത്.

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ അമൃത്സര്‍ സ്വദേശികളാണു നിക്കി ഹാലേയുടെ മാതാപിതാക്കള്‍. ഇവര്‍ സൗത്ത് കരോലിനയിലേക്കു കുടിയേറിയവരാണ്. ബയോളജി പ്രഫസറായിരുന്നു നിക്കിയുടെ അച്ഛന്‍. അമ്മയാകട്ടെ, തുണി വ്യാപാരത്തിലും ഏര്‍പ്പെട്ടിരുന്നു. ക്ലെംസന്‍ സര്‍വകലാശാലയില്‍ അക്കൗണ്ടിംഗ് കോഴ്‌സ് പഠിക്കുമ്പോഴാണ് മൈക്കല്‍ ഹാലേയെ പരിചയപ്പെടുന്നത്. ഇത് പ്രണയമായി. പിന്നീട് പ്രണയം, വിവാഹത്തിലേക്കും നയിച്ചു. മൈക്കല്‍ ഹാലേ യുഎസ് ആര്‍മിയിലെ നാഷണല്‍ ഗാര്‍ഡ് ക്യാപ്റ്റനാണ്. അഫ്ഗാനില്‍ യുഎസ് സേന അധിനിവേശം നടത്തിയപ്പോള്‍ സേനാംഗമായിരുന്നു മൈക്കല്‍ ഹാലേ. ഇവര്‍ 1996ലാണ് വിവാഹിതരായത്. രണ്ട് മതാചാര പ്രകാരമാണു വിവാഹം നടന്നത്. വിവാഹ ശേഷം നിക്കി ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.
യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ രൂക്ഷമായ പ്രസ്താവനകളെ വിമര്‍ശിച്ചിട്ടുണ്ട് നിക്കി. വിമര്‍ശിക്കുന്നവര്‍ക്കു നേരെയുള്ള ട്രംപിന്റെ പ്രകോപനം നിയന്ത്രിക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ട വ്യക്തിയാണു നിക്കി. എന്നാല്‍ നിക്കിയെ സുപ്രധാന പദവിയിലേക്ക് ഈ മാസം 23നു നാമനിര്‍ദേശം ചെയ്തതോടെ, വിമര്‍ശകരെ സാന്ത്വനിപ്പിക്കാനും അതിശയിപ്പിക്കാനും ട്രംപിനു സാധിച്ചിരിക്കുന്നു.
സ്വതന്ത്ര വിപണി, ആഗോള വ്യാപാരം എന്നിവയെ പിന്തുണയ്ക്കുന്ന വ്യക്തിയാണു നിക്കി. ചാള്‍സ്ട്ടണിലെ ബ്ലാക്ക് ചര്‍ച്ചില്‍ 2015ലുണ്ടായ കൂട്ടക്കൊലയ്ക്കു ശേഷം കോണ്‍ഫെഡറേറ്റ് ബാറ്റില്‍ ഫ്‌ളാഗിനെതിരേ സംസാരിച്ചതോടെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയുണ്ടായി. ഒരു കാലത്ത് വെള്ളക്കാര്‍ മാത്രം വഹിച്ചിരുന്ന ഭരണകൂടത്തിലെ സുപ്രധാന പദവിയിലേക്ക് ഇന്ത്യന്‍-അമേരിക്കനായ സ്ത്രീയെ നിയമിച്ചതിലൂടെ, വംശീയ-ലിംഗ വൈവിധ്യം സൃഷ്ടിക്കാന്‍ ട്രംപിനു സാധിച്ചിരിക്കുകയാണ്.രാജ്യത്തിന്റെ ക്ഷേമത്തിന് നിങ്ങളുടെ സംഭാവന വിലപ്പെട്ടതാണെന്നു പ്രസിഡന്റിന് തോന്നുകയും ഉത്തരവാദിത്വത്തപ്പെട്ട ചുമതലയേല്‍പ്പിക്കാന്‍ വിളിക്കുകയും ചെയ്യുമ്പോള്‍, ആ ക്ഷണം സ്വീകരിക്കേണ്ടതുണ്ട്, അതിനെ ആദരിക്കേണ്ടതുണ്ട്.- ട്രംപിന്റെ വാഗ്ദാനം സ്വീകരിച്ചു കൊണ്ടു നിക്കി ഹാലേ പ്രതികരിച്ചു.
വിപ്ലവ പാതയിലൂടെ സഞ്ചരിച്ച പാരമ്പര്യമാണു നിക്കിക്കുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വെള്ളക്കാര്‍ മാത്രം ആധിപത്യം പുലര്‍ത്തി പോരുന്ന കീഴ്‌വഴക്കത്തെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചിരുന്നു നിക്കി. നിക്കിയെ ഈ ധൈര്യം ആര്‍ജ്ജിക്കാന്‍ പ്രേരിപ്പിച്ചത് അമേരിക്കയില്‍ കഴിയവേ, നേരിട്ട ദുരനുഭവങ്ങളായിരുന്നു. സിഖ് മതാചാര പ്രകാരം തലമുടി നീട്ടി വളര്‍ത്തിയതിന് നിക്കിയുടെ സഹോദരന്‍ ഒരിക്കല്‍ പരിഹസിക്കപ്പെടുകയുണ്ടായി. നിക്കിയുടെ സഹോദരി ജൂനിയര്‍ തലത്തില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ നിന്നും വംശീയതയുടെ പേരില്‍ തഴപ്പെട്ടിട്ടുമുണ്ട്. ഇത്തരം ദുരനുഭവങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പ്രാപ്തയാക്കിയെന്നു 2010ല്‍ ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ നിക്കി പറയുകയുണ്ടായി.
സൗത്ത് കരോലിനയുടെ ഗവര്‍ണറായി ചുമതലയേല്‍ക്കുമ്പോള്‍ നിക്കിക്ക് പ്രായം 39. ഗവര്‍ണറുടെ പദവിയിലിരിക്കുമ്പോള്‍ ആഗോളതലത്തിലുള്ള സംഘടനകളുമായി നടത്തിയിട്ടുള്ള ഇടപെടല്‍ നിക്കിക്ക് പുതിയ ഉദ്യമത്തിനു ഗുണകരമാകുമെന്ന വിശ്വാസമുണ്ട്. സാമന്ത പവറാണു നിക്കി ഹാലേയ്ക്കു മുന്‍പ് യുഎന്നില്‍ അമേരിക്കയുടെ പ്രതിനിധിയായിരുന്നത്. ഹാലേയുടെ നിയമനത്തിലൂടെ ട്രംപ് ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ സഹായത്തോടെ മാത്രമേ ആഗോളതലത്തില്‍ യുഎസിനു സൂപ്പര്‍ പവര്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നതാണ് അത്. മറുവശത്ത് ഇന്ത്യയ്ക്കുമുണ്ട് ഗുണങ്ങള്‍. യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നിക്കി ഹാലേയിലൂടെ സാധിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. യുഎന്നില്‍ അംഗത്വം നേടാന്‍ ഇന്ത്യ നടത്തിയ ശ്രമത്തെ 2010ല്‍ പരസ്യമായി പിന്തുണച്ച വ്യക്തിയാണു നിക്കി ഹാലെ.
നിക്കി ഹാലെയുടെ നിയമനത്തോടെ അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലും സുപ്രധാന പദവി വഹിക്കുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡറുടെ കാബിനറ്റില്‍ പ്രതിരോധമന്ത്രി ഹര്‍ജിത്ത് സജ്ജന്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ വംശജരുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ കാബിനറ്റിലുമുണ്ടായിരുന്നു നാല് ഇന്ത്യന്‍ വംശജര്‍. നിലവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ തെരേസ മേയുടെ കാബിനറ്റിലുള്ള പ്രീതി പട്ടേലിനും ഇന്ത്യന്‍ വേരുകളുള്ള വ്യക്തിയാണ്.
നിക്കിയുടെ നിയമനം ന്യൂഡല്‍ഹിയെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നതു തീര്‍ച്ചയാണ്. പ്രത്യേകിച്ച് ജോലി സംബന്ധമായ വിസകള്‍ക്ക് ട്രംപ് ഭരണകൂടം ഏഷ്യന്‍ രാജ്യങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്ന ഘട്ടത്തില്‍.
യുഎന്നിലെ യുഎസ് നയതന്ത്ര പ്രതിനിധിക്ക് നിയമപരമായി ട്രംപ് ഭരണകൂടത്തിലെ കാബിനറ്റ് പദവിയായി പരിഗണിക്കാന്‍ സാധിക്കില്ലെങ്കിലും കാബിനറ്റ് അംഗങ്ങളെ പോലെ തന്നെ സുപ്രധാന യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. മാത്രമല്ല, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കഴിഞ്ഞാല്‍ രണ്ടാമത്തെ ശക്തമായ പദവിയാണ് യുഎന്‍ അംബാസഡറിന്റേത്.

………………

Comments

comments

Categories: World