നികുതി വെട്ടിപ്പ്: നെയ്മര്‍ക്ക് തടവും പിഴയും നല്‍കണമെന്ന് സ്പാനിഷ് ഗവണ്‍മെന്റ്

നികുതി വെട്ടിപ്പ്:  നെയ്മര്‍ക്ക് തടവും പിഴയും നല്‍കണമെന്ന് സ്പാനിഷ് ഗവണ്‍മെന്റ്

 

മാഡ്രിഡ്: ട്രാന്‍സ്ഫര്‍ തുകയില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ ബാഴ്‌സലോണയുടെ ബ്രസീലിയന്‍ ഫുട്‌ബോളര്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നെയ്മറില്‍ നിന്നും 10 മില്യണ്‍ യൂറോ (72.95 കോടി ഇന്ത്യന്‍ രൂപ) പിഴയായി ഈടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നെയ്മറുടെ ട്രാന്‍സ്ഫറിന്റെ സമയത്ത് ബാഴ്‌സലോണയുടെ പ്രസിഡന്റായിരുന്ന സാന്‍ഡ്രോ റോസലിനെ അഞ്ച് വര്‍ഷം ശിക്ഷിക്കണമെന്നും കുറ്റപത്രത്തിലുണ്ട്. ട്രാന്‍സ്ഫര്‍ വിവാദത്തെ തുടര്‍ന്ന് സാന്‍ഡ്രോ റോസല്‍ 2014ല്‍ ക്ലബിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, നിലവിലെ ക്ലബ് പ്രസിഡന്റായ ജോസഫ് മരിയ ബര്‍ട്ടോമിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കുകയും ചെയ്തു.

ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്നും 2013ല്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ടീമിലേക്ക് ചേക്കേറിയപ്പോള്‍ നെയ്മര്‍ ട്രാന്‍സ്ഫര്‍ തുകയില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നതാണ് കേസ്. സാന്റോസില്‍ നിന്നും കൂടുമാറുന്ന സമയത്ത് നെയ്മറുടെ സ്‌പോര്‍ടിങ് റൈറ്റ്‌സിന്റെ 40% സ്വന്തമായിരുന്ന ബ്രസീലിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഡിഐഎസിന്റെ പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തത്.

ബ്രസീലിയന്‍ താരത്തിനും രക്ഷിതാക്കള്‍ക്കും അഞ്ച് വര്‍ഷവും സാന്‍ഡ്രോ റോസലിനും ജോസഫ് മരിയ ബര്‍ട്ടോമിക്കും എട്ട് വര്‍ഷവും വീതം
തടവ് ശിക്ഷ നല്‍കണമെന്നും ബാഴ്‌സലോണ ക്ലബില്‍ നിന്നും 195 മില്യണ്‍ യൂറോ പിഴയായി ഈടാക്കണമെന്നുമായിരുന്നു ഡിഐഎസ് മുമ്പ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

57.1 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ക്ലബിലെത്തിയതെന്നാണ് ബാഴ്‌സലോണ പറയുന്നത്. ഇതില്‍ 17.1 മില്യണ്‍ യൂറോ സാന്റോസിനും ബാക്കിയുള്ള 40 മില്യണ്‍ യൂറോ നെയ്മറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കും നല്‍കിയെന്നാണ് ബാഴ്‌സലോണയുടെ വാദം. സാന്റോസിന് അനുവദിക്കപ്പെട്ട തുകയുടെ 40 ശതമാനമായ 6.8 മില്യണ്‍ യൂറോയാണ് ഡിഐഎസിന് ലഭിച്ചത്.

എന്നാല്‍, യഥാര്‍ത്ഥത്തിലുള്ള ട്രാന്‍സ്ഫര്‍ ഫീസ് 83.3 മില്യണ്‍ യൂറോ ആയിരുന്നുവെന്നാണ് സ്പാനിഷ് അധികൃതരുടെ നിഗമനം. നെയ്മറുടെ ട്രാന്‍സ്ഫര്‍ ഫീസില്‍ നിന്നും അര്‍ഹമായ തുക നല്‍കാതെ തങ്ങളെ വഞ്ചിച്ചുവെന്നതാണ് ഡിഐഎസിന്റെ പരാതി.

അതേസമയം. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ടാലും സ്പാനിഷ് നിയമത്തിലെ ഇളവ് പ്രകാരം ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് ജയിലില്‍ കഴിയേണ്ടി വരില്ല. അക്രമരഹിത കേസുകള്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ തടവ് ശിക്ഷ ലഭിച്ചാല്‍ ജയിലില്‍ പോകേണ്ടതില്ല എന്നതാണ് സ്‌പെയിനിലെ നിയമം.

Comments

comments

Categories: Sports

Related Articles