പുതിയ വാഹനങ്ങളില്‍ ആര്‍എഫ്‌ഐഡി ടാഗുണ്ടെന്ന് കമ്പനികള്‍

പുതിയ വാഹനങ്ങളില്‍ ആര്‍എഫ്‌ഐഡി  ടാഗുണ്ടെന്ന് കമ്പനികള്‍

ന്യൂഡെല്‍ഹി: 2013 ഒക്‌റ്റോബര്‍ മുതല്‍ പുറത്തിറക്കിയ എല്ലാ യാത്രാ, വാണിജ്യ വാഹനങ്ങളിലും ടോള്‍ പ്ലാസയിലെ ഇടപാടുകള്‍ സ്വയം നടത്തുന്ന ഡിജിറ്റല്‍ ഐഡന്റിറ്റി ടാഗുകള്‍ ഉള്ളതായി വാഹന കമ്പനികള്‍ അറിയിച്ചു. പുതിയ വാഹനങ്ങളില്‍ ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ചിപ്പുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വാഹന വ്യവസായ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍
നിര്‍വഹണത്തിലെയും ഭരണപരമായ കാര്യങ്ങളിലെയും വെല്ലുവിളികളാല്‍ ഡിജിറ്റല്‍ രൂപത്തിലെ ടോള്‍ പിരിവ് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
2013 ഏപ്രിലിലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം എല്ലാ വാഹനങ്ങളിലും ഡിജിറ്റല്‍ ഐഡന്റിറ്റി ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ടോള്‍ പ്ലാസകള്‍ കാഷ്‌ലെസ് ഇടപാടുകള്‍ നടത്താന്‍ തയാറല്ല-ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചിപ്പ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം 2013 ഒക്‌റ്റോബര്‍ മുതല്‍ നടപ്പിലാക്കി. ടോള്‍ പിരിവ് നടത്തുന്ന കേന്ദ്രങ്ങളില്‍ കാഷ്‌ലെസ് ഇടപാടുകള്‍ സാധ്യമാക്കുന്നതിന് സര്‍ക്കാര്‍ ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇനി ഏതെങ്കിലും ഏജന്‍സികള്‍ അതിലേക്കായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തന്നെ അവര്‍ സ്വന്തം സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറുമാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ഡിജിറ്റല്‍ ടാഗുകളാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ടോള്‍ പ്ലാസകളിലെ ഏജന്‍സികള്‍ അവ ഉപയോഗിക്കുന്നില്ല. ആവശ്യമെങ്കില്‍ ഈ ടാഗുകളില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ടാഗുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലെ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് കമ്പനികളുടെ മറ്റൊരു പ്രതിനിധി പറഞ്ഞു.
ഇലക്ട്രോണിക് രൂപത്തില്‍ ടോള്‍ പിരിക്കുന്നതിനാണ് ആര്‍എഫ്‌ഐഡി ടാഗുകള്‍ ഉപയോഗിക്കുന്നത്. ടോള്‍ പിരിവ് കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ആര്‍എഫ്‌ഐഡി കാര്‍ഡില്‍ നിന്നാണ് പണം പിന്‍വലിക്കുക.വീണ്ടും ഉപയോഗിക്കുന്നതിനായി ഈ കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യാനും സാധിക്കും.

Comments

comments

Categories: Auto