പ്രതിമാസ പരിധി 20,000; നേട്ടം കൊയ്യാനൊരുങ്ങി മൊബീല്‍ വാലറ്റുകള്‍

പ്രതിമാസ പരിധി 20,000; നേട്ടം കൊയ്യാനൊരുങ്ങി മൊബീല്‍ വാലറ്റുകള്‍

 
ന്യൂഡെല്‍ഹി : പ്രതിമാസ ഡിജിറ്റല്‍ ഇടപാടുകളുടെ പരിധി 10,000 രൂപയില്‍നിന്ന് 20,000 രൂപയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തിയത് മൊബീല്‍ വാലറ്റ് കമ്പനികള്‍ക്ക് നേട്ടമാകും. പേടിഎം, മൊബിക്വിക്, പേയു, ഫ്രീച്ചാര്‍ജ് തുടങ്ങിയവയിലൂടെ നടക്കുന്ന ഇടപാടുകളുടെ എണ്ണം അത്യധികം വര്‍ധിക്കുമെന്നാണ് മൊബീല്‍ വാലറ്റ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പ്രതിമാസ പ്രീപെയ്ഡ് പേമെന്റുകള്‍ 10,000 രൂപയില്‍നിന്ന് 20,000 രൂപയായും കച്ചവടക്കാര്‍ക്ക് 50,000 രൂപ വരെയുമായാണ് ആര്‍ബിഐ ഉയര്‍ത്തിയിരിക്കുന്നത്.

500രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് മൊബൈല്‍ വാലറ്റ് കമ്പനികളുമായി സഹകരിക്കുന്ന കച്ചവടക്കാരുടെ എണ്ണത്തില്‍ പതിന്‍മടങ്ങ് വളര്‍ച്ചയാണ് പ്രകടമായത്. ജനങ്ങള്‍ കൂടുതലായി ഡിജിറ്റല്‍ പേമെന്റുകള്‍ നടത്താനും ആരംഭിച്ചു.

മൊബിക്വിക്കിന് കീഴില്‍ ഒരു ലക്ഷം കച്ചവടക്കാരാണ് മുമ്പ് ഉണ്ടായിരുന്നതെങ്കില്‍ നവംബര്‍ 8നു ശേഷം ഇത് 150 ശതമാനം വര്‍ധിച്ച് 2.5 ലക്ഷം കച്ചവടക്കാരായി മാറി. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഓഫ്‌ലൈന്‍ മെര്‍ച്ചന്റ് നെറ്റ്‌വര്‍ക് പത്ത് ലക്ഷത്തോളമായി വിപുലീകരിക്കുന്നതിന് 12,000 ഏജന്റുമാരെ നിയമിക്കുമെന്ന് മൊബിക്വിക് വ്യക്തമാക്കി.

ചെറുകിട കച്ചവടക്കാരെയാണ് തങ്ങള്‍ ലക്ഷ്യം വെ്ക്കുന്നെതന്ന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. ജനുവരി മുതല്‍ പേടിഎമ്മിന് 15 ലക്ഷം കച്ചവടക്കാരെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഈ മാസം 27ഓടെ തങ്ങള്‍ക്ക് ഒന്നരക്കോടി കച്ചവടക്കാര്‍ ഉണ്ടാകുമെന്നാണ് പേടിഎം പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Trending