മെയ്ക്ക് ഇന്‍ ഒഡീഷ സമ്മേളനം: എട്ടു നയങ്ങള്‍ക്ക് അംഗീകാരം

മെയ്ക്ക് ഇന്‍ ഒഡീഷ സമ്മേളനം:  എട്ടു നയങ്ങള്‍ക്ക് അംഗീകാരം

ഭുവനേശ്വര്‍: സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള മെയ്ക്ക് ഇന്‍ ഒഡീഷ സമ്മേളനത്തിന് മുന്നോടിയായി നവീന്‍ പട്‌നായിക്ക് സര്‍ക്കാര്‍ എട്ടു നയങ്ങള്‍ക്ക് അംഗീകാരം നല്‍കി.

ടൂറിസം, ചെറുകിട- ഇടത്തരം സംരംഭം, ഭക്ഷ്യ സംസ്‌കരണം, പുനരുപയോഗ ഊര്‍ജ്ജം, കൈത്തറി, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി എന്നിവയുമായി ബന്ധപ്പെട്ട എട്ടു നയങ്ങള്‍ക്കാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
സംസ്ഥാനത്ത് പദ്ധതികള്‍ തുടങ്ങുന്ന നിക്ഷേപകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒഡീഷ റിനെവബിള്‍ എനര്‍ജി ഫണ്ടിന് അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ 250 കോടി രൂപ വീതം അനുവദിക്കും. പുനരുപയോഗ ഊര്‍ജ്ജ വികസനത്തിന്റെ അടിസ്ഥാന സൗകര്യ ഘടകങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കാമെന്ന് ചീഫ് സെക്രട്ടറി ആദിത്യ പ്രസാദ് പധി പറഞ്ഞു.
ഒഡീഷ അപ്പാരല്‍ പോളിസി 2016നു കീഴില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1-1.5 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുറഞ്ഞത് 200 തൊഴിലാളികളുള്ള വസ്ത്രനിര്‍മാണ യൂണിറ്റിലെ ഒരു ജീവനക്കാരന് പ്രതിമാസം 1000 രൂപ അലവന്‍സ് നല്‍കും. 36 മാസം ഈ ആനുകൂല്യം ലഭ്യമാകും. 90 ശതമാനം ഒഡീഷക്കാര്‍ ജോലിചെയ്യുന്ന യൂണിറ്റുകള്‍ക്കാണ് ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവുക. കൈത്തറി മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കൈത്തറി പോളിസിക്കും അംഗീകാരം നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ 10 മെഗാ ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഭക്ഷ്യ സംസ്‌കരണ നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര, വിദേശ വിനോദ സഞ്ചാര മേഖലകളില്‍ ഒഡീഷയെ മുന്നിലെത്തിക്കുന്നതിനാണ് ടൂറിസം നയം ഊന്നല്‍ കൊടുക്കുന്നതെന്നും ആദിത്യ പ്രസാദ് പധി വിശദമാക്കി.

Comments

comments

Categories: Branding