അക്ഷരമുറ്റത്ത് വായനയുടെ വസന്തവുമായി ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള

അക്ഷരമുറ്റത്ത് വായനയുടെ വസന്തവുമായി ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള

അനി തോമസ്

ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘Open Your Book, Kindle Your Mind’ എന്ന ശീര്‍ഷകവുമായി നവംബര്‍ 18 മുതല്‍ തിരുനക്കരയില്‍ നടന്നു വരുന്ന 33-ാമത് ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയും കോട്ടയം നഗരസഭയും ജില്ലാ പഞ്ചായത്തും ജില്ലാഭരണകൂടവും മാധ്യമങ്ങളും ഒട്ടനവധി മറ്റു സാംസ്‌കാരിക സംഘടനകളും കോട്ടയത്തെ എല്ലാ പ്രമുഖ കോളേജുകളും സ്‌കൂളുകളും സാംസ്‌കാരിക-ധനകാര്യ സ്ഥാപനങ്ങളും വായനാസംസ്‌കാരം വളര്‍ത്തുവാന്‍ വേണ്ടി ഒന്നിച്ചു ചേരുന്ന അപൂര്‍വ്വകാഴ്ച ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

കുട്ടികളിലും മുതിര്‍ന്നവരിലും വായനാശീലം വളര്‍ത്തുവാനുള്ള ഈ മേള സാംസ്‌കാരികസമ്മേളനങ്ങള്‍, പുസ്തകവായനകള്‍, പുസ്തകപ്രകാശനങ്ങള്‍, സാഹിത്യസംവാദങ്ങള്‍, മാധ്യമ-ചലച്ചിത്ര സെമിനാറുകള്‍, കവിയരങ്ങുകള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കലാ-സാഹിത്യ-രചനാ മത്സരങ്ങള്‍, യുവ കലാപ്രതിഭകളുടെ സര്‍ഗ്ഗസായാഹ്നങ്ങള്‍, ദര്‍ശന കലാസന്ധ്യ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സമ്പന്നമാണ്.

സൈക്കിള്‍ വിളംബരയാത്ര

പുസ്തകമേളയ്ക്ക് മുന്നോടിയായി വായനയുടെ മഹത്വം വിളിച്ചോതിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ നയിച്ച ‘സൈക്കിള്‍ വിളബംരയാത്ര’ കോട്ടയത്തെ വിവിധ സ്‌കൂളുകളിലൂടെയും കോളേജുകളിലൂടെയും കടന്നുപോയി. തദവസരത്തില്‍ ഓരോ സ്‌കൂളില്‍ നിന്നും വായനാശീലമുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ നിരൂപകന്‍ എം കെ സാനുവാണ് മേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ റവ: ഡോ ജോര്‍ജ്ജ് ഇടയാടിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ദര്‍ശന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍, ഫാ. തോമസ് പുതുശ്ശേരി, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ദര്‍ശന കലാസന്ധ്യയുടെ ഉദ്ഘാടനം ‘ഒപ്പം ഫിലിം ഫെയിം’ മീനാക്ഷി നിര്‍വ്വഹിച്ചു. യോഗത്തില്‍ അഡ്വ. കെ അനില്‍ കുമാര്‍ എഴുതിയ ‘പരിസ്ഥിതിശാസ്ത്രം പഠനവും പ്രയോഗവും’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.

വജ്ര കേരളം

കേരളം 60ല്‍ എത്തിനില്‍ക്കുമ്പോള്‍ കോട്ടയവും അതിന്റെ പ്രതാപത്തിന്റെ ആഘോഷത്തിലാണ്. കോട്ടയത്തിന് വിശിഷ്ട സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിവിധ മാധ്യമങ്ങളുടെ ആഭിമുഖ്യത്തില്‍ 60 വര്‍ഷത്തെ ചരിത്രപ്രാധാന്യമേറിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന എക്‌സിബിഷനും ഈ വര്‍ഷത്തെ പുസ്തകമേളയെ വ്യത്യസ്ഥമാക്കുന്നു.

പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന മേളയുടെ മുഖ്യ ആകര്‍ഷണം വൈകുന്നേരങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളാണ്. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ പുസ്തക പ്രകാശനവും വായനയും വിവിധ സാംസ്‌കാരികനായകരുടെ സാന്നിധ്യവും മേളയുടെ സന്ധ്യകളെ സമ്പന്നമാക്കും.

പുസ്തകപ്രേമികളായ വ്യക്തികള്‍ക്ക് അവരുടെ ആഗ്രഹത്തിനൊത്തുള്ള പുസ്‌ക ലഭ്യതയാണ് മേളയുടെ മുഖ്യലക്ഷ്യം. ഒപ്പംതന്നെ വലിയ പ്രസാധകരെന്നോ ചെറിയ പ്രസാധകരെന്നോ ഉള്ള വ്യത്യാസമില്ലാതെ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും അവരുടെ പുസ്തകങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വഴിയൊരുക്കുകയെന്നതും മേളയുടെ പ്രത്യേകതയാണ്. ഇത് വെറുമൊരു പുസ്തക ചന്തയല്ല, വില്‍പ്പന ഇതിന്റെ ഒരു ഭാഗം മാത്രമാണ്. സാമ്പത്തിക-സാമൂഹിക-വൈജ്ഞാനിക വേര്‍തിരിവുകള്‍ക്കപ്പുറം സന്ദര്‍ശകനായി എത്തുന്ന കൊച്ചുകുട്ടികള്‍ക്കുപോലും അറിവിന്റെ ഒരംശം പകര്‍ന്നു നല്കാന്‍ മേളയ്ക്കാവുന്നു.

ചരിത്രം

1984 ഓഗസ്റ്റ് നാലിനാണ് ദര്‍ശന സാംസ്‌കാരിക കേന്ദ്രം ആരംഭിക്കുന്നത്. പുസ്തക പ്രസാധനരംഗത്തെ അതികായനായ ഡി.സി കിഴക്കേമുറിയാണ് 1985-ല്‍ പുസ്തകമേള എന്ന ആശയവുമായി അന്നത്തെ ഡയറക്ടര്‍ ഫാ.ജോസഫ് വലിയത്താഴത്തിനെ സമീപിച്ചത്. പുസ്തക പ്രസാധകര്‍ കുറവായിരുന്ന ആ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യത്തോടെ വലിയത്താഴത്തച്ചനും ഡി.സിയും കോട്ടയത്തെ മറ്റു സാംസ്‌കാരികനായകരും ചേര്‍ന്നാണ് മേളയ്ക്ക് തുടക്കം കുറിച്ചത്.
കേരളത്തിന്റെ പുസ്തകമേളകളില്‍ ഏറ്റവും ശ്രദ്ധേയമായ മേളയായിമാറാന്‍ കഴിഞ്ഞകാലപ്രവര്‍ത്തനങ്ങള്‍കോണ്ട് ദര്‍ശന കോട്ടയം പുസ്തകോത്സവത്തിന് കഴിഞ്ഞിട്ടുണ്ട്. ഫാ.ഡോ.ജോര്‍ജ്ജ് ഇടയാടിയില്‍, ഫാ.ജോണ്‍ ഈറ്റാനിയേല്‍, ഫാ.സ്റ്റാന്‍ലി ചെല്ലിയില്‍, ഫാ.ടോം ജോസ് പാണ്ട്യപ്പള്ളിയില്‍, ഫാ.ഡോ.സാബു കൂടപ്പാട്ട്, ഫാ.തോമസ് പുതുശ്ശേരി എന്നിവരായിരുന്നു മറ്റ് മുന്‍കാലഡയറക്ടര്‍മാര്‍. ഇപ്പോള്‍ ഫാ.ജസ്റ്റിന്‍ കാളിയാനിയില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

Comments

comments

Categories: Branding