സ്‌റ്റെല്ലാരിസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴില്‍ ഇന്‍ഫോസിസ് നിക്ഷേപം

സ്‌റ്റെല്ലാരിസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴില്‍ ഇന്‍ഫോസിസ് നിക്ഷേപം

 
ബെംഗളൂരു: പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് ലിമിറ്റഡ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാരംഭഘട്ട വെഞ്ച്വര്‍ ഫണ്ടായ സ്‌റ്റെലാരിസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സില്‍ 31.6 കോടി രൂപ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. അടുത്ത മാസം പകുതിയോടെ നിക്ഷേപം നടത്തുമെന്നാണ് അറിയുന്നത്. ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ്, ബിഗ് ഡാറ്റ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തിനായി ഇന്‍ഫോസിസ് രൂപീകരിച്ച 500 ദശലക്ഷം ഡോളറിന്റെ ഇന്നൊവേഷന്‍ ഫണ്ടില്‍ നിന്നുമാണ് നിക്ഷേപം നടത്തുന്നത്.

ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗസ് തുടങ്ങിയവ നയിക്കുന്ന ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം അതിവേഗത്തിലാണ് വളരുന്നതെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ആഗോള നിലവാരത്തിലുള്ള കമ്പനികള്‍ക്ക് രൂപം നല്‍കാനുള്ള കഴിവ് ഇന്ത്യയുടെ മികച്ച ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കുണ്ടെന്ന് ഇന്‍ഫോസിസ് കോര്‍പറേറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് വെഞ്ച്വേഴ്‌സ് ആഗോള മേധാവി റിതിക സൂരി അഭിപ്രായപ്പെട്ടു.

ഹീലിയം വെഞ്ച്വര്‍ പാര്‍ട്ണര്‍ മുന്‍ ഉദ്യാഗസ്ഥരായ അലോക് ഗോയല്‍, രാഹുല്‍ ചൗധരി, റിതേഷ് ബാങ്ക്‌ലാനി എന്നിവര്‍ ചേര്‍ന്നാരംഭിച്ച സ്റ്റെലാരിസിന് ന്യുഡെല്‍ഹിയിലും ബെംഗളൂരുവിലും ഓഫീസുകളുണ്ട്. ആഗോളതലത്തിലുള്ള ടെക്‌നോളജി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് പരിചയമുള്ള സ്റ്റെലാരിസിന് വെഞ്ച്വര്‍ കാപിറ്റല്‍ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാണുള്ളത്. ഓണ്‍ലൈന്‍ ഗ്രോസറിയായ ബിഗ്ബാസ്‌ക്കറ്റ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഷോപ്പ്ക്യു, ടിഎഫ്എസ്, ഇപ്പോള്‍ ഒലയുടെ ഭാഗമായ കാബ് സേവന ദാതാക്കളായ ടാക്‌സിസ്-ഫോര്‍-ഷുവര്‍, അക്‌സട്രിയ തുടങ്ങിയ കമ്പനികളിലെല്ലാം സ്റ്റെലാരിസിന് നിക്ഷേപമുണ്ട്. ഇന്‍ഫോസിസുമായുള്ള പങ്കാളിത്തത്തിന് കമ്പനി വളരെയധികം പ്രാധാന്യം നല്‍കുന്നതായി സ്റ്റെലാരിസ് സഹസ്ഥാപകന്‍ അലോക് ഗോയല്‍ പറഞ്ഞു.

Comments

comments

Categories: Entrepreneurship