ഇന്ത്യ-പാക് ബന്ധത്തില്‍ മഞ്ഞുരുക്കം സംഭവിച്ചേക്കും

ഇന്ത്യ-പാക് ബന്ധത്തില്‍ മഞ്ഞുരുക്കം സംഭവിച്ചേക്കും

ന്യൂഡല്‍ഹി: സെപ്റ്റംബറിലെ ഉറി ആക്രമണത്തിനു ശേഷം ഇന്ത്യ-പാക് നയതന്ത്രബന്ധത്തില്‍ സംജാതമായ സംഘര്‍ഷാവസ്ഥ വരും ദിവസങ്ങളില്‍ മയപ്പെട്ടേക്കുമെന്നു സൂചന. ഈ മാസം 29ന് പാക് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് വിരമിക്കുകയാണ്. മൂന്ന് വര്‍ഷം കരസേനാ മേധാവിയായിരുന്നതിനു ശേഷമാണ് രഹീല്‍ ഷെരീഫ് വിരമിക്കുന്നത്. ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു ഇന്ത്യ-പാക് ബന്ധം ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നു പോയതും. പഠാന്‍കോട്ട് ആക്രമണവും, ഉറി ആക്രമണവുമൊക്കെ സംഭവിച്ചതും. രഹീല്‍ സൈനിക മേധാവിയായിരിക്കുമ്പോള്‍ തന്നെയാണ് അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനുമായും ഇന്ത്യയുമായും പാകിസ്ഥാന് യുദ്ധ സമാനമായ സാഹചര്യത്തെ നേരിടേണ്ടി വന്നിരിക്കുന്നതും.
രഹീല്‍ വിരമിക്കുന്ന ഒഴിവിലേക്ക് പുതുതായി ചുമതലയേല്‍ക്കുന്നത് ആരായിരിക്കുമെന്നതിനെ കുറിച്ച് പ്രഖ്യാപനമൊന്നും വന്നിട്ടില്ല. എന്നാല്‍ ലഫ്റ്റനന്റ് ജനറല്‍മാരായ ഇഷ്ഫാക് നദീം അഹ്മദ്, ജാവേദ് ഇക്ബാല്‍ റാംദേ തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. കരസേനാ മേധാവിയുടെ അഭാവത്തില്‍ വരും ദിവസങ്ങളില്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ സ്വീകരിക്കേണ്ട നയം തീരുമാനിക്കുന്നതില്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന് നിര്‍ണായക പങ്കുണ്ടാവുമെന്നും സൂചനയുണ്ട്.
അടുത്ത മാസം നാലിന് ഹാര്‍ട്ട് ഓഫ് ഏഷ്യ മീറ്റ് ഓണ്‍ അഫ്ഗാനിസ്ഥാന്‍ എന്ന പരിപാടിയിലേക്ക് അമൃത്സറിലെത്തുന്നുണ്ട് സര്‍താജ്. ഇദ്ദേഹത്തിന്റെ സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണോ എന്നതിനെ കുറിച്ച് ഇതുവരെ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ പാകിസ്ഥാനോട് സമീപിച്ചിരിക്കുന്ന നയം മയപ്പെടുത്തേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാടും. എന്നാല്‍ പാകിസ്ഥാനില്‍ പുതിയ കരസേനാ മേധാവി ചുമതലയേല്‍ക്കുന്നതു വരെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യതയേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: Slider, Top Stories