ജിവികെ എയര്‍പോര്‍ട്ട് 200 മില്യണ്‍ ഡോളര്‍ സമാഹരിക്കും

ജിവികെ എയര്‍പോര്‍ട്ട് 200 മില്യണ്‍ ഡോളര്‍ സമാഹരിക്കും

 

മുംബൈ : ജിവികെ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് 200 മില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു. നിലവിലെ വായ്പാ ബാധ്യതകള്‍ ഭാഗികമായി വീട്ടുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ നിയന്ത്രണ ഓഹരി ഫെയര്‍ഫാക്‌സ് ഗ്രൂപ്പിന് വില്‍ക്കാനുള്ള ജിവികെയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഇതിനിടെയാണ് 200 മില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള നീക്കം നടത്തുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പെടെയുള്ള വായ്പാ ദാതാക്കളുമായും ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ചര്‍ച്ച നടത്തുന്നുണ്ട്.

ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സിന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ 50.5 ശതമാനവും ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ 43 ശതമാനവും ഓഹരിയാണുള്ളത്. ജിവികെ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ നിന്ന് 2,149 കോടി രൂപയ്ക്ക് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ 33 ശതമാനം ഓഹരി വാങ്ങുന്നതിന് പ്രേം വാത്സായുടെ ഫെയര്‍ഫാക്‌സ് ഗ്രൂപ്പ് മാര്‍ച്ച് മാസത്തില്‍ ധാരണയിലെത്തിയിരുന്നു. ഈ വില്‍പ്പന പൂര്‍ത്തിയായാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ ജിവികെയുടെ ഓഹരി പത്ത് ശതമാനമായി കുറയും. 2009ല്‍ ലാര്‍സന്‍ & ടൂബ്രോയില്‍നിന്ന് 686 കോടി രൂപയ്ക്ക് ബെംഗളൂരു വിമാനത്താവളത്തിന്റെ 17 ശതമാനം ഓഹരി വാങ്ങിയ ജിവികെ ഇതുവരെ പടിപടിയായി ഓഹരി ഉയര്‍ത്തുകയായിരുന്നു.

ഫെയര്‍ഫാക്‌സ് ഗ്രൂപ്പിന് ഓഹരി വില്‍ക്കുന്നതിലൂടെ തങ്ങളുടെ വായ്പാ ബാധ്യത 2,000 കോടി രൂപയായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ജിവികെ പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഓരോ വര്‍ഷവും പലിശയായി അടയ്ക്കുന്ന 300 കോടി രൂപ മിച്ചം പിടിക്കാനും കഴിയും. മാര്‍ച്ച് 31 ലെ ഏറ്റവും പുതിയ കണക്കനുസരിച്ച് ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സിന് 3,710.5 കോടി രൂപയുടെ കടമുണ്ട്. അതേസമയം 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 47.11 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഇരട്ടിയോളം വര്‍ധിച്ച് 95.87 കോടി രൂപയിലെത്തി.

ഫണ്ട് സമാഹരിക്കുന്നതിന് ജിവികെ ഗ്രൂപ്പ് പലവഴികള്‍ തേടുന്നുണ്ടെന്ന് ജിവികെ വക്താവ് വ്യക്തമാക്കി. ജിവികെ ഗ്രൂപ്പിനു മൊത്തമായി 30,000 കോടി രൂപയുടെ കടബാധ്യതയാണ് നിലവിലുള്ളത്. തങ്ങളുടെ ആസ്തികള്‍ വിറ്റ് ബാധ്യത കുറയ്ക്കാനാണ് ഗ്രൂപ്പ് ശ്രമിക്കുന്നത്.

Comments

comments

Categories: Branding