ആര്‍ബിഐയ്‌ക്കെതിരായ പോരാട്ടത്തിന് ഗുജറാത്തിലെ സഹകരണ ബാങ്കുകള്‍; ഒരു കോടിയിലധികം  ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നു

ആര്‍ബിഐയ്‌ക്കെതിരായ പോരാട്ടത്തിന് ഗുജറാത്തിലെ സഹകരണ ബാങ്കുകള്‍; ഒരു കോടിയിലധികം  ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നു

 
അഹമ്മദാബാദ്: അസാധുവാക്കിയ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് മാറ്റി നല്‍കുന്നതിനും, പണം പിന്‍വലിക്കുന്നതിനും, നിക്ഷേപം സ്വീകരിക്കുന്നതിനും സഹകരണ ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ആര്‍ബിഐ നടപടിക്കെതിരെ ഗുജറാത്ത് ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍ (ഡിസിസിബി) സംഘടിത പോരാട്ടത്തിനൊരുങ്ങുന്നു. സഹകരണ ബാങ്കുകള്‍ക്ക് കൂച്ചുവിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഈ നീക്കത്തെ ‘വിവേചനപരം’ എന്നാണ് ഡിസിസിബി വിശേഷിപ്പിച്ചത്.

സഹകരണ ബാങ്കുകളില്‍ എക്കൗണ്ടുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്ക് ഉന്നതസമിതി അംഗങ്ങളുടെ യോഗം ചേര്‍ന്നതായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ചെയര്‍മാനും ബിജെപി നേതാവുമായ ദിലിപ് സാന്‍ഗനി പറഞ്ഞു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് യോഗത്തില്‍ ധാരണയായതായും അദ്ദേഹം അറിയിച്ചു.

സഹകരണ മേഖലയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ആര്‍ബിഐ നീക്കത്തില്‍ സഹകരണ ബാങ്കുകളില്‍ എക്കൗണ്ടുള്ള സംസ്ഥാനത്തെ ഒരു കോടിയിലധികം വരുന്ന ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും ഇതില്‍ ഭൂരിപക്ഷം ജനങ്ങളും കര്‍ഷകരാണെന്നും ദിലിപ് സാന്‍ഗനി വ്യക്തമാക്കി. ആര്‍ബിഐയുടെ തീരുമാനത്തിനെതിരെ സംസ്ഥാന സഹകരണ ബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ സംഘടിത പോരാട്ടത്തിലേക്ക് നീങ്ങുന്നതിന് യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
സഹകരണ ബാങ്കില്‍ എക്കൗണ്ടുള്ള സാധരണക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നാഷണല്‍ ഫെഡറേഷന്‍ ആര്‍ബിഐയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് യോഗത്തില്‍ സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ അജയ് പട്ടേല്‍ ആവശ്യപ്പട്ടു. ഡിസംബര്‍ മുപ്പതിനു മുന്‍പ് ആര്‍ബിഐ ഇതിനു പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐയുടെ വിവേചനാത്മകമായ സമീപനത്തില്‍ അന്വേഷണം വേണമെന്നാണ് സംസ്ഥാന സഹകരണ ബാങ്ക് ബോര്‍ഡിലെ മറ്റൊരംഗം പ്രതികരിച്ചത്.

Comments

comments

Categories: Slider, Top Stories

Related Articles