പ്ലാനില്ലാത്ത കുടുംബ ബിസിനസുകള്‍

പ്ലാനില്ലാത്ത കുടുംബ  ബിസിനസുകള്‍

 

ഇന്ത്യയിലെ കുടുംബ ബിസിനസുകള്‍ക്ക് പ്രൊഫഷണല്‍ സ്വഭാവമില്ലെന്നായിരുന്നു മുന്‍പത്തെ വ്യാപക ആക്ഷേപം. എന്നാല്‍ പ്രൊഫഷണല്‍ കള്‍ച്ചര്‍ പല ഫാമിലി ബിസിനസുകള്‍ക്കും കൈവന്നെങ്കിലും പിന്തുടര്‍ച്ചാ പ്ലാന്‍ ഇല്ലാത്തത് ഇന്നും വലിയ വിഷയമായി തുടരുകയാണ്. നല്ലൊരു ശതമാനം കുടുംബ ബിസിനസുകളും കഴിഞ്ഞ പാദങ്ങളില്‍ മികച്ച വളര്‍ച്ചയാണ് കാഴ്ച്ചവെച്ചത്. എങ്കിലും കേവലം 15 ശതമാനം ഫാമിലി ബിസിനസുകള്‍ക്ക് മാത്രമേ കൃത്യമായ സക്‌സഷന്‍ പ്ലാന്‍ (പിന്തുടര്‍ച്ചാ രേഖ) സ്വന്തമായുള്ളൂ എന്നാണ് പിഡബ്ല്യുസി (പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്) നടത്തിയ പഠനത്തില്‍ പറയുന്നത്. ഇന്ത്യ ഫാമിലി ബിസിനസ് സര്‍വെ എന്ന റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലോകത്താകമാനമുള്ള 2,802 ഫാമിലി ബിസിനസ് തലവന്മാരുമായി സംസാരിച്ചാണ് പിഡബ്ല്യുസി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 102 ഫാമിലി ബിസിനസ് സംരംഭങ്ങളുടെ നേതാക്കളുമായും പിഡബ്ല്യുസി ആശയവിനിമയം നടത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ത്വരിത വളര്‍ച്ച കൈവരിക്കുമെന്നാണ് 84 ശതമാനം ഇന്ത്യന്‍ കുടുംബ ബിസിനസുകളും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് അടുത്ത തലമുറയിലേക്ക് ബിസിനസിനെ എങ്ങനെ വിജയകരമായി കൈമാറാമെന്നതിനെക്കുറിച്ചുള്ള കാര്യമായ ധാരണയോ വ്യവസ്ഥാപിതമായ പദ്ധതിയോ ഇല്ല.

കുടുംബ ബിസിനസായ ടാറ്റ സണ്‍സില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അധികാര വടംവലികളും ചെളിവാരിയെറിയലുകളും നല്ലൊരു പിന്തുടര്‍ച്ചാ പ്ലാന്‍ ഇല്ലാത്തതിന്റെ ഫലമാണെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ നമ്മുടെ സംരംഭങ്ങള്‍ കുറച്ചു കൂടി വേറിട്ട രീതിയില്‍ ചിന്തിക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial