ദിദിയര്‍ ദ്രോഗ്ബ അമേരിക്കന്‍ ലീഗ് വിടുന്നു

ദിദിയര്‍ ദ്രോഗ്ബ അമേരിക്കന്‍ ലീഗ് വിടുന്നു

ന്യൂയോര്‍ക്ക്: ഐവറികോസ്റ്റിന്റെ ഫുട്‌ബോള്‍ ഇതിഹാസമായ ദിദിയര്‍ ദ്രോഗ്ബ അമേരിക്കന്‍ സോക്കര്‍ ലീഗ് വിടുന്നു. അമേരിക്കയിലെ മോണ്‍ട്രിയോള്‍ ഇംപാക്ട് ക്ലബിന്റെ താരമായ ദ്രോഗ്ബയുടെ അവസാന സീസണാണിത്. അതേസമയം, ഭാവിയെന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ലീഗിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്നും 38-കാരനായ ദ്രോഗ്ബ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയില്‍ നിന്നും 2015ലാണ് ദിദിയര്‍ ദ്രോഗ്ബ അമേരിക്കന്‍ ലീഗിലെത്തിയത്. അവിടെ ഇതുവരെ 33 മത്സരത്തിനിറങ്ങിയ ആഫ്രിക്കന്‍ താരം 27 ഗോളുകള്‍ സ്വന്തമാക്കുകയും ചെയ്തു.

ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരം കൂടിയാണ് ദിദിയര്‍ ദ്രോഗ്ബ. ദിദിയര്‍ ദ്രോഗ്ബ ഉണ്ടായിരുന്ന എട്ട് വര്‍ഷക്കാലത്തിനിടയില്‍ ചെല്‍സിക്ക് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും നാല് എഫ്എ കപ്പും രണ്ട് ലീഗ് കപ്പും നേടാനും സാധിച്ചു.

അതേസമയം, ദിദിയര്‍ ദ്രോഗ്ബ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ നിന്നും മാറുന്നതിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബുകള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്ത് വില കൊടുത്തും താരത്തെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടുത്തെ ഫുട്‌ബോള്‍ ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ സജീവമായി രംഗത്തെത്തിയിട്ടുണ്ട്.

Comments

comments

Categories: Sports