നോട്ട് നിരോധനം: മൊബീല്‍ഫോണ്‍ ഇറക്കുമതിയില്‍ 20% ഇടിവ് രേഖപ്പെടുത്തുമെന്ന് സര്‍വേ

നോട്ട് നിരോധനം:  മൊബീല്‍ഫോണ്‍ ഇറക്കുമതിയില്‍ 20% ഇടിവ് രേഖപ്പെടുത്തുമെന്ന് സര്‍വേ

 

ന്യൂഡെല്‍ഹി: മുന്‍ പാദത്തെ അപേക്ഷിച്ച് ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ രാജ്യത്തെ മൊബീല്‍ ഫോണ്‍ ഇറക്കുമതിയില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് സര്‍വേ. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രഖ്യാപനത്തോടെ രാജ്യത്ത് ഉടലെടുത്ത പണപ്രതിസന്ധി കാരണം ഉപഭോക്താക്കള്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ വിമുഖത കാണിക്കുന്നതാണ് മൊബീല്‍ ഫോണ്‍ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചതെന്നും സര്‍വേയില്‍ പറയുന്നു. നിരോധിച്ച പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ മാത്രമാണ് കൂടുതലായി നടക്കുന്നത്. എന്നാല്‍ അത്യവശ്യമല്ലാത്ത മൊബീല്‍ ഫോണ്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്നും വിട്ടുനിന്നാണ് ജനം പണം സൂക്ഷിച്ചുവെക്കുന്നതെന്നാണ് മറ്റൊരു വസ്തുത.

നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള ചെറിയ കാലയളവിനുള്ളില്‍ 100 ഡോളര്‍ (6,800 രൂപ വില വരുന്ന ഫോണുകള്‍) വിഭാഗത്തില്‍പ്പെട്ട മൊബീല്‍ ഫോണുകളുടെ ഇറക്കുമതിയിലാണ് വലിയ ഇടിവുണ്ടായിരിക്കുന്നതെന്നാണ് അനലിസ്റ്റുകളുടെയും വ്യാവസായിക വിദഗ്ധരുടെയും വിലയിരുത്തല്‍. ഈ സാഹചര്യം കണക്കിലെടുത്ത് ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനികള്‍ പുതിയ ഡിവൈസുകള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയേക്കുമെന്ന നിരീക്ഷണവും അനലിസ്റ്റുകള്‍ പങ്കുവെക്കുന്നു. പണപ്രതിസന്ധിയില്‍ നിന്നും മുക്തി നേടിയില്ലെങ്കില്‍ പ്രദേശിക ഉല്‍പ്പാദനം കുറയ്ക്കുന്നതിനും ഫോണ്‍ നിര്‍മാണ കമ്പനികള്‍ തയാറായേക്കും.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുടെയും ഇന്ത്യയില്‍ നിന്നുള്ള പ്രാദേശിക നിര്‍മാണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലുകള്‍ നടത്തിയിട്ടുള്ളത്. നോട്ട് നിരോധനത്തിനു ശേഷം പത്തു ദിവസത്തിനുള്ളില്‍ സമാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ 22 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നവംബര്‍ ഒന്നു മുതല്‍ എട്ട് വരെ 2.64 മില്യണ്‍ യൂണിറ്റായിരുന്ന ഇറക്കുമതി അതിനു ശേഷമുള്ള ദിവസങ്ങളില്‍ 2.05 മില്യണ്‍ യൂണിറ്റിലേക്ക് താഴ്ന്നതായാണ് റിപ്പോര്‍ട്ട്.

സ്മാര്‍ട്ട്‌ഫോണുകളുടെയും ഫീച്ചര്‍ ഫോണുകളുടെയും കണക്ക് പരിശോധിക്കുമ്പോള്‍ നടപ്പു പാദത്തില്‍ ഇറക്കുമതി 20 ശതമാനം ഇടിയുമെന്ന് കൗണ്ടര്‍പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് അനലിസ്റ്റ് തരുണ്‍ പതക് പറഞ്ഞു. 64 മില്യണ്‍ യൂണിറ്റിന്റെ കുറവാണുണ്ടാവുക. 700 രൂപ മുതല്‍ 2,000 രൂപ വരെയുള്ള ഫീച്ചര്‍ ഫോണുകളാണ് നേരിട്ടുള്ള പണവിനിമയത്തിലൂടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട ഫോണുകളുടെ വില്‍പ്പനയെ തന്നെയാണ് പണപ്രതിസന്ധി വലിയ രീതിയില്‍ ബാധിക്കുക.

Comments

comments

Categories: Branding