ക്രെഡായ് സംസ്ഥാന സമ്മേളനം

ക്രെഡായ് സംസ്ഥാന സമ്മേളനം

 

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(ക്രെഡായ്) ദ്വിദിന സംസ്ഥാന സമ്മേളനം ഹോട്ടല്‍ ലെ മെറിഡിയനില്‍ ഇന്നും നാളെയും നടക്കും. ക്രെഡായിയുടെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ചാപ്റ്ററുകളില്‍ നിന്നുള്ള 200ല്‍ പരം പ്രമുഖ ഡെവലപ്പര്‍മാര്‍ പങ്കെടുക്കും.

‘ഉത്തരവാദിത്തപൂര്‍ണവും സുസ്ഥിരവുമായ വികസനം’ എന്നതായിരിക്കും സമ്മേളനത്തിലെ മുഖ്യപ്രമേയം. ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ജി എസ് ടിയും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ടും നിര്‍മാണ വ്യവസായ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം, നിര്‍മാണ മേഖലയിലെ സുരക്ഷിതത്വവും തൊഴില്‍ വൈദഗ്ധ്യവും, സ്ഥാപന ചെലവും പദ്ധതി ചെലവും നിയന്ത്രിക്കല്‍, ഓണ്‍ലൈന്‍ അപ്രൂവലില്‍ ഐ ടി യുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിലും സമ്മേളനത്തില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നടക്കും. നോട്ട് നിരോധനം സൃഷ്ടിക്കുന്ന ആഘാതവും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

കെ പി എം ജിയായിരിക്കും പരിപാടിയുടെ വിജ്ഞാന പങ്കാളി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പങ്കിനെക്കുറിച്ച് പഠനം നടത്തുന്നതിന് ക്രെഡായിയും കെ പി എം ജിയുമായി സമ്മേളനത്തില്‍ ധാരണാപത്രം ഒപ്പുവെക്കും. ഓട്ടിസ് എലവേറ്റേഴ്‌സ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ടെക്‌നിക്കല്‍ സെഷനുകളിലും പാനല്‍ ചര്‍ച്ചകളിലും സംസ്ഥാന തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് ഐ എ എസ്, നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, ഐ ടി സെക്രട്ടറി ശിവശങ്കര്‍ ഐ എ എസ്, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ബീന ഐ എ എസ് എന്നിവര്‍ പ്രാസംഗികരാകും.

കെ പി എം ജിയെ പ്രതിനിധീകരിച്ച് ജയേഷ് കാരിയ, നീരജ് ബന്‍സാല്‍, സച്ചിന്‍ മേനോന്‍, അശുതോഷ് ഖാന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ക്രെഡായ് കേരള ചെയര്‍മാന്‍ ഹസീബ് അഹമ്മദ്, നാഷണല്‍ വൈസ് പ്രസിഡണ്ട് രഘുചന്ദ്രന്‍ നായര്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എം വി ആന്റണി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Comments

comments

Categories: Branding