ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം

ചാമ്പ്യന്‍സ് ലീഗ്:  ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം

 

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്ക് ജയം. അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും സമനില വഴങ്ങി. നാല് ടീമുകളും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌കോട്ടിഷ് ക്ലബായ സെല്‍റ്റിക്കിനെയാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു ബാഴ്‌സയുടെ ഇരട്ട ഗോളുകളും സ്വന്തമാക്കിയത്. മത്സരത്തിന്റെ 24-ാം മിനുറ്റില്‍ ബ്രസീലിയന്‍ താരം നെയ്മര്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് നിലം തൊടുന്നതിന് മുമ്പ് തന്നെ വലയിലെത്തിച്ച് മെസ്സി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു.

കളിയുടെ 55-ാം മിനുറ്റില്‍ ഉറുഗ്വായുടെ ലൂയിസ് സുവാരസിനെ സെല്‍റ്റിക് പ്രതിരോധ നിര ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു മെസ്സിയുടെ രണ്ടാം ഗോള്‍. സീസണിലെ നാല് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും ഇരുപത്തൊന്‍പതുകാരനായ ലയണല്‍ മെസ്സി ഒന്‍പത് ഗോളുകളാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി സ്വന്തമാക്കിയത്.

സെല്‍റ്റിക്കിന്റെ തട്ടകത്തില്‍ വിജയിച്ചതോടെ, ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ബാഴ്‌സലോണ ഗ്രൂപ്പ് സിയിലെ ആദ്യ സ്ഥാനക്കാരായി ചാമ്പ്യന്‍സ് ലീഗിന്റെ അവസാന പതിനാറ് ടീമുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും ബാഴ്‌സലോണയ്ക്ക് പന്ത്രണ്ട് പോയിന്റാണുള്ളത്.

നെതര്‍ലാന്‍ഡ് ടീമായ പിഎസ്‌വി ഐന്തോവനെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍ത്തത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ക്ലബിന്റെ ജയം. ഫ്രഞ്ച് താരങ്ങളായ കെവിന്‍ ഗമേറിയോയും അന്റോയ്ന്‍ ഗ്രീസ്മാനുമാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി വല കുലുക്കിയത്. യഥാക്രമം 55, 66 മിനുറ്റുകളിലായിരുന്നു ഇവരുടെ ഗോളുകള്‍.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് കളികളില്‍ നിന്നും പതിനഞ്ച് പോയിന്റാണ് സ്പാനിഷ് ക്ലബിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍, റഷ്യന്‍ ടീം എഫ്‌സി റൊസ്‌തോവിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയ ജര്‍മന്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കിനാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം.

ഗ്രൂപ്പ് ഡിയിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും ഒന്‍പത് പോയിന്റാണ് ബയണ്‍ മ്യൂണിക്കിന്. റൊസ്‌തോവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ അടുത്ത റൗണ്ടിലേക്ക് ജര്‍മന്‍ വമ്പന്മാര്‍ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. എഫ്‌സി റൊസ്‌തോവാണ് ഗ്രൂപ്പ് ഡിയിലെ മൂന്നാം സ്ഥാനക്കാര്‍.

ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്‌നെതിരെയായിരുന്നു ആഴ്‌സണലിന്റെ രണ്ട് ഗോളുകളുടെ സമനില. കളിയുടെ 18-ാം മിനുറ്റില്‍ ഉറുഗ്വായ് താരം എഡിസണ്‍ കവാനിയിലൂടെ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഫ്രഞ്ച് താരം ഒളിവര്‍ ജിറൂദ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും വഴങ്ങിയത് സെല്‍ഫ് ഗോളുകളായിരുന്നു. പിഎസ്ജിയുടെ മാര്‍കോ വെറാറ്റിയും ആഴ്‌സണലിന്റെ അലക്‌സ് ഇവോബിയുമാണ് സെല്‍ഫ് ഗോളുകള്‍ വഴങ്ങിയത്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തിന് മത്സരിച്ച ആഴ്‌സണലിനും പിഎസ്ജിക്കും അഞ്ച് കളികളില്‍ നിന്നും 11 പോയിന്റ് വീതമാണുള്ളത്. ഇരു ടീമുകളും നേരത്തെ തന്നെ നോക്കൗട്ട് റൗണ്ട് പ്രവേശനം ഉറപ്പിച്ചിരുന്നു.

ജര്‍മന്‍ ക്ലബ് ബൊറൂസിയ മോണ്‍ഷെന്‍ഗ്ലാഡ്ബാച്ചിനോടാണ് മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. മത്സരത്തിന്റെ 23-ാം മിനുറ്റില്‍ റാഫേലിന്റെ ഗോളിലൂടെ ബൊറൂസിയ മോണ്‍ഷെന്‍ഗ്ലാഡ്ബാച്ചാണ് ആദ്യം മുന്നിലെത്തിയത്. പതിനഞ്ച് വാര അകലെ നിന്നും തൊടുത്ത ഷോട്ട് സിറ്റിയുടെ ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയെ മറികടക്കുകയായിരുന്നു.

എന്നാല്‍, ആദ്യ പകുതിയുടെ അധിക സമയത്ത് സിറ്റി മറുപടി നല്‍കി. ബെല്‍ജിയന്‍ താരം കെവിന്‍ ഡി ബ്രൂയിനിന്റെ പാസില്‍ സ്‌പെയിനിന്റെ ഡേവിഡ് സില്‍വയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ മടക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജര്‍മന്‍ ക്ലബിന്റെ ക്യാപ്റ്റന്‍ ലാര്‍സ് സ്റ്റിന്‍ഡല്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. 63-ാം മിനുറ്റില്‍ സിറ്റിയുടെ ഫെര്‍ണാണ്ടീഞ്ഞോയ്ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിക്കും ബൊറൂസിയ മോന്‍ഷെന്‍ഗ്ലാഡ്ബാച്ചിനും ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലെത്താന്‍ മത്സരത്തിന് മുമ്പ് തുല്യ സാധ്യതയായിരുന്നു. വിജയം അനിവാര്യമായ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ സമനില വഴങ്ങിയതാണ് ജര്‍മന്‍ ക്ലബിന് തിരിച്ചടിയായത്. ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്റുള്ള സിറ്റി ബാര്‍സലോണയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍, ബെസിക്താസ്-ബെന്‍ഫിക്ക (3-3), ലുഡോ ഗോറെറ്റ്‌സ്-ബാസല്‍ എഫ്‌സി (0-0), നാപ്പോളി-ഡൈനാമോ കീവ് (0-0) മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Comments

comments

Categories: Sports