കേരളത്തില്‍ ഏകീകൃത ബേണ്‍ കെയര്‍ സെന്റര്‍

കേരളത്തില്‍ ഏകീകൃത ബേണ്‍ കെയര്‍ സെന്റര്‍

 

കോഴിക്കോട്: പൊള്ളല്‍ ചികിത്സകള്‍ക്കായി കേരളത്തില്‍ ഏകീകൃത ബേണ്‍ കെയര്‍ സെന്റര്‍ ആരംഭിച്ചു. ബേബി മെമ്മോറിയല്‍ പോസ്പിറ്റലില്‍(ബിഎച്ച്എം) ആരംഭിച്ച സെന്റര്‍ ചെന്നൈ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ഭാരത് ജോഷി ഉദ്ഘാടനം ചെയ്തു. ആറു കിടക്കകളുള്ള ഐസിയു, പൊള്ളല്‍ കേസുകളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ക്കുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, രണ്ടു പ്രത്യേക മുറികള്‍ തുടങ്ങിയ സൗകര്യങ്ങളും പ്ലാസ്റ്റിക് സര്‍ജന്‍മാര്‍, ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷലിസ്റ്റ്, എമര്‍ജന്‍സി ഫിസിഷ്യന്‍സ്, പരിശീലനം സിദ്ധിച്ച ജീവനക്കാര്‍ എന്നിവരുടെ വിദഗ്ധ സംഘത്തിന്റെ സേവനവും ബേണ്‍ കെയര്‍ യൂണിറ്റില്‍ ലഭ്യമാണ്.

പൊള്ളല്‍ ചികിത്സയ്ക്കായി എത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഇടപെടുമ്പോള്‍ സാമൂഹിക- മാനസിക തലങ്ങളില്‍ അവര്‍ അനുഭവിക്കുന്ന അപമാനം വലുതമാണെന്നും ജോഷി പറഞ്ഞു. ചെന്നൈ ആസ്ഥാനമായ എന്‍ജിഒ പിസിവിസിയുമായി സഹകരിച്ച് സംസ്ഥാന, ദേശീയതലങ്ങളില്‍ ബേണ്‍ കെയര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായി എകീകൃത ബൈണ്‍ കെയര്‍ സെന്റര്‍ ആരംഭിക്കാനായതില്‍ സന്തോഷിക്കുന്നതായി സെന്റര്‍ മലബാറിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ബിഎച്ച്എം ചെയര്‍മാനും എംഡിയുമായ ഡോ. കെ ജി അലക്‌സാണ്ടര്‍ പറഞ്ഞു.

മുറിവുകളുടെ വിഭാഗത്തില്‍ ഏറ്റവും വിനാശകരമായ രൂപമാണ് പൊള്ളല്‍. ഇതിന് അടിയന്തരമായി പ്രത്യേക ചികിത്സ ലഭ്യമാക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെന്റര്‍ ഇന്ത്യയിലെ പൊള്ളല്‍ ആക്രമണങ്ങള്‍ക്ക് ഇരകളായ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാനുള്ള പദ്ധതികള്‍ക്ക് ശക്തിപകരുമെന്ന് ചെന്നൈ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ പൊതു സമ്പര്‍ക്ക വിഭാഗം മേധാവി റുഡി ഫെര്‍ണാണ്ടസ് പറഞ്ഞു.

Comments

comments

Categories: Branding