ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന് ഏഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന് ഏഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

 

ന്യുഡെല്‍ഹി: ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് ഏഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ ഡിമാന്റ് റെന്റല്‍ സര്‍വീസായ ഫ്‌ളൈറോബ്, ഫര്‍ണിച്ചര്‍ ആന്‍ഡ് അപ്ലൈയന്‍സ് റെന്റല്‍ സര്‍വീസായ റെന്റോമോജോ, ടൂട്ടര്‍ ഹെല്‍ത്ത് സര്‍വീസ് ഹാഷ്‌ലേണ്‍, ഡോക്ടര്‍മാര്‍ക്ക് പരസ്പരം മെഡിക്കല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ ക്യുറോഫൈ, ജിലേബി ഗെയിം ദാതാക്കളായ ഹാപ്പി അദ്ദ സ്റ്റുഡിയോസ്, ഗെയിമുകളിലൂടെ എങ്ങനെ പണം സമ്പാദിക്കാമെന്ന് പഠിപ്പിക്കുന്ന പ്ലേമെന്റ്‌സ്, ബിസിനസ് മാനേജ്‌മെന്റിന് സഹായിക്കുന്ന കാപ്ച്ചര്‍ സിആര്‍എം എന്നിവയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ബ്രസീല്‍, ഇന്തോനേഷ്യ, മെക്‌സികോ, അര്‍ജെന്റീന, കൊളംബിയ, ഫിലിപ്പീന്‍സ്, തായ്‌ലന്റ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്ററിന്റെ ഭാഗമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു. മധ്യഘട്ടം മുതല്‍ അവസാനഘട്ടം വരെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരുക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള മെന്ററിംഗ് പരിപാടിയില്‍ രണ്ടാഴ്ച്ചത്തെ ബൂട്ട്കാമ്പുമുണ്ട്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ലോഞ്ച്പാഡ് സ്‌പേസില്‍ ഈ ജനുവരിയില്‍ ബൂട്ട്കാമ്പ് ആരംഭിക്കും. പ്രോഗ്രാമിന്റെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50,000 ഡോളര്‍ ഫണ്ടും ലഭിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 13 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായിട്ടുണ്ടെന്നും ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ പ്രോഗ്രാം മുഖേന നിക്ഷേപം സമാഹരിച്ചിട്ടുണ്ടെന്നും ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം മാനേജര്‍ പോള്‍ രവിന്ദ്രനാഥ് ജി പറഞ്ഞു.

Comments

comments

Categories: Slider, Top Stories