മുപ്പതിലധികം ബാങ്കുകള്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ ചേര്‍ന്നു

മുപ്പതിലധികം ബാങ്കുകള്‍  യൂണിഫൈഡ് പേയ്‌മെന്റ്  ഇന്റര്‍ഫേസില്‍ ചേര്‍ന്നു

 

ന്യൂഡെല്‍ഹി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) നടപ്പാക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസി(യുപിഐ, ഏകീകൃത പണമടയ്ക്കല്‍ സംവിധാനം)ല്‍ മുപ്പതിലധികം ബാങ്കുകള്‍ ചേര്‍ന്നു. മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് രണ്ടു ബാങ്ക് എക്കൗണ്ടുകള്‍ തമ്മില്‍ പണമിടപാട് സാധ്യമാക്കുന്ന സംവിധാനമാണിത്.
പൊതു മേഖലയിലെ മുപ്പതോളവും സ്വകാര്യ, വിദേശ ബാങ്കുകളില്‍ ഏതാനും ചിലതുമാണ് യുപിഐയില്‍ അണിചേര്‍ന്നത്. ഈ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. നെറ്റ് ബാങ്കിംഗ്, വാലറ്റ് വിവരങ്ങള്‍, ഐഎഫ്എസ്‌സി കോഡ് എന്നിവ ടൈപ്പ് ചെയ്യാതെ തന്നെ ഇടപാടുകാര്‍ക്ക് യുപിഐ ആപ്പ് ഉപയോഗിച്ച് ബാങ്ക് എക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ നടത്താനാകും. ബില്ലുകള്‍, കടകളിലെ പേയ്‌മെന്റുകള്‍, നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളും യുപിഐ ആപ്പിലൂടെ സാധ്യമാകും.
എച്ച്എസ്ബിസി, ആക്‌സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഇതിനകം യുപിഐയില്‍ അംഗങ്ങളായിക്കഴിഞ്ഞു. രാജ്യത്തെ റീട്ടെയ്ല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് 2009 ലാണ് എന്‍പിസിഐ സ്ഥാപിച്ചത്. ആറു വര്‍ഷത്തിനിടെ പ്രതിദിനം 2 മില്ല്യണ്‍ ഇടപാടുകളില്‍ നിന്ന് 25 മില്ല്യണ്‍ ഇടപാടുകള്‍ എന്ന നിലയിലേക്ക് എന്‍പിസിഐ വളര്‍ന്നിരുന്നു.

Comments

comments

Categories: Banking