ബൗളിംഗ് കോച്ച് സ്ഥാനം: സഹീര്‍ ഖാന്റെ അപേക്ഷ ബിസിസിഐ തള്ളി

ബൗളിംഗ് കോച്ച് സ്ഥാനം:  സഹീര്‍ ഖാന്റെ അപേക്ഷ ബിസിസിഐ തള്ളി

 

മുംബൈ: ടീം ഇന്ത്യയുടെ ബൗളിംഗ് പരിശീലകനാകാനുള്ള സഹീര്‍ ഖാന്റെ അപേക്ഷ ബിസിസിഐ തള്ളി. ഇന്ത്യയിലെ എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന സഖീര്‍ ഖാന്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്.

സഹീര്‍ ഖാനുമായി ബിസിസിഐ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രാപ്തി കാണാതിരുന്നതിനെ തുടര്‍ന്നാണ് താരത്തിന്റെ അപേക്ഷ തള്ളിപ്പോയത്. നൂറ് ദിവസത്തേക്ക് നാല് കോടി രൂപയായിരുന്നു സഹീര്‍ ഖാന്‍ ആവശ്യപ്പെട്ട പ്രതിഫലം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സഖീര്‍ ഖാന്റെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ടീം ഇന്ത്യയുടെ മുഴുനീള പരിശീലകനെയായിരുന്നു ബിസിസിഐ തേടിയത്. എന്നാല്‍ കൂടുതല്‍ കാലത്തേക്ക് ടീം ഇന്ത്യയുടെ പരിശീലകനായി തുടരാനും സഹീര്‍ ഖാന് താത്പര്യമില്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സഹീര്‍ ഖാന്റെ അപേക്ഷ തള്ളിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനായി കളിക്കുക എന്ന ആഗ്രഹം ബാക്കിനില്‍ക്കുന്നതിനാലാണ് ടീം ഇന്ത്യയുടെ മുഴുനീള ബൗളിംഗ് പരിശീലകനാകാന്‍ സഹീര്‍ ഖാന്‍ വിസമ്മതിച്ചതെന്നാണറിവ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ബൗളിംഗ് കോച്ചായി തുടരാന്‍ താത്പര്യമുണ്ടെന്നും സഹീര്‍ ഖാന്‍ പറഞ്ഞിരുന്നു.

അനില്‍ കുംബ്ലെ മുഖ്യ പരിശീലകനായ ടീം ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറും ഫീല്‍ഡിംഗ് പരിശീലിപ്പിക്കുന്നത് രാമകൃഷ്ണന്‍ ശ്രീനാഥുമാണ്. ഇവരോടൊപ്പം സഹീര്‍ ഖാനും ചേരുമായിരുന്നുവെങ്കില്‍ അത് ടീം ഇന്ത്യയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമായിരുന്നു.

Comments

comments

Categories: Sports